കണ്ണൂർ :സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. കോളേജുകളിലും സ്കൂളുകളിലും പോളിടെക്നിക്കുകളിലും തിരഞ്ഞെടുപ്പ് നടക്കുന്ന നിർണായക ഘട്ടത്തിൽ എസ്എഫ്ഐ നേതാക്കളെ മാത്രം തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണ്. കൈവിലങ്ങ് അണിയിച്ച് കോടതിയിൽ കൊണ്ടുപോകാൻ മാത്രം എന്ത് ഗുരുതരമായ കുറ്റമാണ് വിദ്യാർത്ഥി നേതാക്കൾ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. വിദ്യാർത്ഥി സമരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുകയാണെന്നും ഇതിൽ ഒരു പോലീസ് സംഘമാണ് കണ്ണൂരിൽ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അറസ്റ്റിനു ശേഷമുള്ള നിയമപരമായ നടപടിക്രമങ്ങൾ പോലും പാലിക്കാതെയാണ് പോലീസ് ഇടപെടുന്നത്. മനുഷ്യാവകാശങ്ങൾ പരസ്യമായി ലംഘിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പിൽ നേരിട്ട് ജയിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തെ ജയിലിലാക്കാൻ ശ്രമിക്കുന്നത്. കേരള പോലീസ് കെഎസ്‌യുവിന്റെ നിലവാരത്തിലേക്ക് അധഃപതിക്കുകയാണെന്നും പോലീസ് വേട്ട ഉടനടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സഞ്ജീവ് മുന്നറിയിപ്പ് നൽകി.
ജോയൽ തോമസുമായി പോകുന്ന പോലീസ് വാഹനത്തിന് നേരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രഹസ്യമായ ഊടുവഴികളിലൂടെയാണ് ജോയലിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്. കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിതാ കോളേജിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിലാണ് മഫ്തിയിലെത്തിയ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സംഘം ജോയൽ തോമസിനെ കോളേജ് ക്യാമ്പസിൽ കയറി കസ്റ്റഡിയിൽ എടുത്തത്. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു എന്നാരോപിച്ചായിരുന്നു നടപടി.
































