തിരുവനന്തപുരം: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ഹാജര്‍ നില പൂജ്യമായിട്ടും സെമസ്റ്റര്‍ പരീക്ഷയ്ക്ക് അര്‍ഷോയ്ക്ക് ഹാള്‍ ടിക്കറ്റ് അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. വിദ്യാര്‍ഥിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുകയാണ് അര്‍ഷോ. ഹൈക്കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. ജാമ്യം ലഭിക്കാനുള്ള തന്ത്രമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. ഹാള്‍ ടിക്കറ്റ് അനുവദിച്ചതിന് പിന്നില്‍ മഹരാജാസ് കോളേജിലെ ഇടത് അനുകൂല അധ്യാപകരാണെന്ന് പരാതിയില്‍ പറയുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള ഹാള്‍ടിക്കാറ്റാണ് കോളേജ് അനുവദിച്ചത്. ഹാജര്‍ പൂജ്യം ശതമാനമുള്ള അര്‍ഷോയ്ക്ക് ഹാള്‍ ടിക്കറ്റ് നല്‍കാന്‍ എങ്ങനെ സാധിക്കുമെന്ന് പരാതിയില്‍ ചോദിക്കുന്നു. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ അര്‍ഷോ ജാമ്യ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു.
2018ല്‍ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളില്‍ തുടര്‍ന്നും അര്‍ഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബഞ്ച് അര്‍ഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് അര്‍ഷോയെ പോലീസ് അറസ്റ്റ് ചെയ്തത്. എഐഎസ്‌എഫ് വനിതാ നേതാവായ നിമിഷയെ എംജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലും അര്‍ഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് അര്‍ഷോക്കെതിരെ അന്ന് ഉയര്‍ന്നത്.