കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നിക്ഷേപകര്‍ എസ്.എഫ്.ഐ.ഓ യെ സമീപിച്ചു. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനാണ് അഡ്വ. മനോജ് വി.ജോര്‍ജ്ജ്, അഡ്വ.രാജേഷ് കുമാര്‍ റ്റി.കെ എന്നിവരുടെ നിര്‍ദ്ദേശാനുസരണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ പരാതി നല്‍കിയത്. ഇതോടെ ഇനിയും മറ്റൊരു അന്വേഷണവും ആരംഭിക്കും.
തട്ടിപ്പിനിരയായ നിക്ഷേപകര്‍ പോപ്പുലര്‍ റോയിയെയും കുടുംബത്തെയും എങ്ങനെയും കുരുക്കാനുള്ള വാശിയിലാണ്. എവിടെയൊക്കെ പരാതി നല്‍കാന്‍ കഴിയുമോ അവിടെയെല്ലാം പരാതിയുമായി നീങ്ങുകയാണ് പി.ജി.ഐ.എ പോലുള്ള സംഘടനകള്‍. എന്നാല്‍ ഇതുവരെയും യാതൊരു നിയമ നടപടികളും നിക്ഷേപകര്‍ക്ക് വേണ്ടി കൈക്കൊള്ളാത്ത സംഘടനകളും നിലവിലുണ്ട്. കോടതികളില്‍ നടക്കുന്ന കേസുകള്‍ എന്തൊക്കെയാണെന്ന്പോലും ഇവര്‍ അന്വേഷിക്കുന്നില്ല.
ഹൈക്കോടതിയില്‍ ദിവസേന 125 ലധികം കേസുകളില്‍ പോപ്പുലര്‍ പ്രതികള്‍ ജാമ്യമെടുക്കുകയാണ്. നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ പോലീസ് എഫ്.ഐ.ആര്‍ ഇട്ടുവെങ്കിലും പിന്നീട് ഇതിന്റെ അവസ്ഥ എന്തായെന്ന് പലരും അന്വേഷിക്കുന്നില്ല. കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്വാഭാവിക ജാമ്യത്തിന് സമയമാകുമ്പോള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി ജാമ്യമെടുക്കുകയാണ് പ്രതികള്‍. ഇപ്രകാരം ഒരുദിവസം 125ലധികം അപേക്ഷകളാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിക്കുന്നത്. ഈ അപേക്ഷ പരിഗണിക്കുമ്പോള്‍ തര്‍ക്കം ഉന്നയിക്കുവാന്‍ സര്‍ക്കാര്‍ അഭിഭാഷകനല്ലാതെ മറ്റാരും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ കേസില്‍ ഇവര്‍ക്ക് ജാമ്യംകിട്ടിയ കാര്യം പരാതിക്കാരായ നിക്ഷേപകരും അറിയുന്നില്ല.