പത്തനംതിട്ട : ദിനവും ശബരിമല അയ്യപ്പ സ്വാമിയെ ഉറക്കത്തിലേക്ക് നയിക്കുന്ന ‘ഹരിവരാസനം’ ഗാനം ഏവര്‍ക്കുമറിയാം. എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് അതുപോലെ തന്നെ പ്രാധാന്യമുള്ള ‘ശ്രീ കോവില്‍ നട തുറന്നൂ… പൊന്നമ്പലത്തില്‍ ശ്രീ കോവില്‍ നട തുറന്നൂ’ എന്ന ഗാനത്തിന്റെ ചരിത്രം വിശ്വാസികള്‍ക്ക് അത്ര പരിചിതമല്ല. 1970 കളുടെ അന്ത്യത്തില്‍ പിറവിയെടുത്തെന്ന് കരുതുന്ന ഈ ഗാനം സംഗീതം നല്‍കി ആലപിച്ചത് പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞരായ ജയവിജയയാണ്; ഇരട്ട സഹോദരങ്ങളായ കെ.ജി ജയനും കെ.ജി വിജയനും.
ഏകദേശം 40 വര്‍ഷം മുമ്പായിരിക്കണം ‘ശ്രീ കോവില്‍ നട തുറന്നൂ…’ ഗാനം ആലപിച്ചിട്ടുണ്ടാവുകയെന്ന് ഇപ്പോള്‍ 88 വയസുള്ള പത്മശ്രീ ജയന്‍ ഓര്‍ത്തെടുക്കുന്നു. മണ്ഡല-മകരവിളക്ക് കാലത്ത് ദിവസവും ഉച്ച ഒരു മണിക്ക് ശബരിമല നട അടച്ചശേഷം വൈകീട്ട് മൂന്നിന് അയ്യപ്പ സ്വാമിയെ ഉണര്‍ത്തുന്നത് പതിറ്റാണ്ടുകളായി ജയന്റെ ഈ സ്വരഗാംഭീര്യമാണ്. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം എന്ന് മുതലാണ് ശബരിമലയില്‍ കേള്‍ക്കാന്‍ തുടങ്ങിയതെന്ന് കൃത്യമായി അറിയില്ലെങ്കിലും ദശാബ്ദങ്ങളായിട്ട് ഈ ഗാനം കേട്ടുകൊണ്ടാണ് വൈകീട്ട് നട തുറക്കാറുള്ളതെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറയുന്നു.
പുലര്‍ച്ചെ മൂന്നിന് നട തുറക്കുമ്പോള്‍ ‘സുപ്രഭാതം’, ഉച്ചയ്ക്ക് നട അടച്ച് വൈകീട്ട് മൂന്നിന് തുറക്കുമ്പോള്‍ ‘ശ്രീ കോവില്‍ നട തുറന്നൂ…’, രാത്രി 11 ന് നടയടക്കുമ്പോള്‍ ‘ഹരിവരാസനം’ എന്നീ മൂന്ന് ഗാനങ്ങളാണ് അനേകം വര്‍ഷങ്ങളായി ശബരിമലയിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഉയരുന്നതെന്ന് 21 വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡിന്റെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിലെ അനൗണ്‍സറായ എ.പി ഗോപാലകൃഷ്ണന്‍ നായര്‍ പറയുന്നു. ‘അയ്യപ്പനെ കാണാന്‍ കാത്ത് മണിക്കൂറുകളായി വരിയില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് സ്വാമിമാരുടെ പ്രതീക്ഷകളുടെ സാക്ഷാത്കാരം കൂടിയാണ് ആ ഗാനം. ഭഗവാനെ കാണാനുള്ള അവസരം ഇതാ ആഗതമായിരിക്കുന്നു എന്ന് വിളംബരം ചെയ്യുന്ന ഗാനം പ്രത്യേക അനുഭൂതി പ്രദാനം ചെയ്യുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





























