തിരുവനന്തപുരം : പോലീസില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും സിപിഎം പ്രവര്‍ത്തകരാലും താനും കുടുംബവും അഞ്ചു വര്‍ഷമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന അനുഭവങ്ങള്‍ പങ്കിട്ടു രംഗത്തു വന്ന മാധ്യമ പ്രവര്‍ത്തക വിനീത വേണുവിനും കുടുംബത്തിനും പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ ഷാഫി പറമ്പില്‍. വാട്‌സാപ്പ് ഗ്രൂപ്പുകളിലെ വധഭീഷണി മുതല്‍ നിയമവിരുദ്ധ സ്ഥലംമാറ്റങ്ങള്‍ വരെ വിനീതയും ഭര്‍ത്താവും അനുഭവിക്കേണ്ടി വന്നതൊന്നും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
ഒറ്റവെട്ടിന് തീര്‍ത്തോളൂ എന്ന് പറയേണ്ട ഗതികേടിലേക്ക് നിങ്ങളെ തള്ളിവിട്ടവരുടെ ശിരസാണ് കുനിയേണ്ടത് – ഷാഫി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പോലീസുകാരനായ തന്റെ ഭര്‍ത്താവിനും തനിക്കും നേരെ സിപിഎം നടത്തിവരുന്ന വേട്ടയാടലുകളെക്കുറിച്ച് വിനീത വേണു രംഗത്ത് വന്നത്.
അഞ്ച് വര്‍ഷത്തിനിടെ ഏഴു തവണ ഭര്‍ത്താവിന് സ്ഥലം മാറ്റം, കൊടും ക്രമിനലായ ആകാശ് തില്ലങ്കേരിയുടെ വക വധഭീഷണി, പരാതി നല്‍കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള പരിഹാസം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വിനീതയുടെ കുറിപ്പ്. ‘ഇനിയും വേട്ടയാടി മതിയായില്ലെങ്കില്‍ കുഞ്ഞുങ്ങളെയുമായി കവലയില്‍ വന്ന് നില്‍ക്കാം… ഒറ്റ വെട്ടിന് ഞങ്ങളെ കൊന്നോളൂ…’ എന്നും വിനീത പറയുന്നു. ഏറ്റവും ഒടുവില്‍ ഭര്‍ത്താവിന് നേരെ സദാചാര പോലീസിങ്ങും സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണവുമുണ്ടായ പശ്ചാത്തലത്തിലാണ് വിനീത ഫേസ്ബുക്കിലൂടെ താനും കുടുംബവും നേരിട്ട അനുഭവങ്ങള്‍ തുറന്നെഴുതിയത്.