കൊച്ചി : ജനവിരുദ്ധ സർക്കാരിനോടാണ് രാഹുൽ ഗാന്ധി നേരിട്ട് ഏറ്റുമുട്ടുന്നതെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഷാഫി പറമ്പിൽ. ബിജെപിക്ക് വേണ്ടി മുഖം മൂടി അണിഞ്ഞ അണ്ണാ ഹസാരെമാരുടെ കൃത്രിമ സമരങ്ങൾ അല്ല ഇപ്പോൾ രാം ലീല മൈതാനവും ഡൽഹിയുടെ തെരുവോരങ്ങളും കാണുന്നത്. ജനവിരുദ്ധ സർക്കാരിനോട്, അധികാരത്തിനോട്, നേരിട്ട് ഏറ്റുമുട്ടുകയാണ്.. കോൺഗ്രസ്സും രാഹുൽ ഗാന്ധിയും… അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച വിലക്കയറ്റ വിരുദ്ധറാലിയിൽ ആയിരങ്ങളാണ് അണിനിരന്നത്. വിലക്കയറ്റം സർവകാല റെക്കോഡിൽ എത്തിയെങ്കിലും കോർപറേറ്റ് പ്രീണനമല്ലാതെ മറ്റൊന്നും മോദിസർക്കാർ ചെയ്യുന്നില്ലെന്ന് റാലിയിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി. വിലക്കയറ്റത്തിനൊപ്പം വിദ്വേഷക്കയറ്റവും രാജ്യം നേരിടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പകയും ഭയവും പരത്തി രാജ്യത്തെ ദുർബലപ്പെടുത്തുകയും അതുവഴി ഇന്ത്യയുടെ ശത്രുക്കളെ സഹായിക്കുകയുമാണ് നരേന്ദ്ര മോദി. സർക്കാർ വിമർശിക്കുന്നവരെ വേട്ടയാടുകയാണ്.
മാധ്യമങ്ങളും നീതിപീഠവും സമ്മർദത്തിലാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കാൻ മോദിസർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ. പാവപ്പെട്ടവനോ തൊഴിലാളിക്കോ വ്യാപാരിക്കോ ഒരാനുകൂല്യവും കിട്ടാത്ത അവസ്ഥയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങളെ വിലക്കയറ്റം ബാധിക്കുമ്പോഴും ,എംഎൽഎമാരെ പണം കൊടുത്ത് വാങ്ങുന്നതിലും തെരഞ്ഞെടുത്ത സർക്കാരെ അട്ടിമറിക്കാനും ആണ് ബിജെപി ശ്രമിക്കുന്നതെന്നാണ് കോൺഗ്രസിന്റെ വിമർശനം. മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുകയാണ് റാലിയുടെ ലക്ഷ്യം.