കണ്ണൂര്‍ : കണ്ണൂരില്‍ കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം. സമരവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. പോലീസ് നോക്കി നില്‍ക്കെയാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയുള്‍പ്പടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റത്.
മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലേക്കാണ് ആണ് പ്രതിഷേധക്കാർ എത്തിയത്. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ ഡിവൈഎഎഫ് ഐ പ്രവര്‍ത്തകരടക്കം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ജനാധിപത്യ പ്രതിഷേധങ്ങളെ പൗരപ്രമുഖരുടെ പാർട്ടി ഗുണ്ടാപ്രമുഖരെ വെച്ച് തല്ലിയൊതുക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. പോലീസ് നോക്കി നിൽക്കെ ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ഉൾപ്പടെയുള്ള ‘ഗുണ്ടാ പ്രമുഖർ’ നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കിൽ, ഈ വണ്ടി അധികം ദൂരം ഓടില്ല- .ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
പൗരപ്രമുഖരുടെ പാർട്ടി ഗുണ്ടാപ്രമുഖരെ വെച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തല്ലിയൊതുക്കി പ്രകൃതി-സാമൂഹ്യ -സാമ്പത്തിക ആഘാതങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം തരാതെ കെ-റയിലിൽ രക്ഷപ്പെടാമെന്ന കരുതണ്ട. സിപിഎം ‘സോ കോൾഡ് പൗരപ്രമുഖരെ’ മാത്രം വിളിച്ച് കൂട്ടി നടത്തുന്ന കെ-റെയിൽ വിശദീകരണ നാടക യോഗത്തിന് സമീപം വിരലിലെണ്ണാവുന്ന യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാർ നടത്തിയ ജാനാധിപത്യ പ്രതിഷേധത്തെ നേരിടുന്ന രീതിയാണിത്. പോലീസ് നോക്കി നിൽക്കെ ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ഉൾപ്പടെയുള്ള ‘ഗുണ്ടാ പ്രമുഖർ’ നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കിൽ ഈ വണ്ടി അധികം ദൂരം ഓടില്ല.
പണി അറിയാത്ത പോലീസും ഗുണ്ടാപണി മാത്രം അറിയുന്ന പാർട്ടിക്കാരും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് ഉൾപ്പടെയുള്ള നേതാക്കന്മാർക്കെതിരെ നടത്തിയ അക്രമത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. ഇതിന്റെ പേരിൽ തെരുവിൽ ആളെ കൂട്ടി ഇറങ്ങുവാൻ അറിയാഞ്ഞിട്ടല്ല നാടിനെ ഓർത്തിട്ടാണ് ചെയ്യാത്തത്. ഈ അതിക്രമത്തിനെതിരെ കോവിഡ് മാനദണ്ഡങ്ങൽ പാലിച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.