കോഴിക്കോട് : നടിയും മോഡലുമായ ഷഹാനയുടെ ദുരൂഹമരണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഭര്‍ത്താവ് സജാദിനെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു. ഷഹാന തൂങ്ങിമരിച്ചതാണെന്നായിരുന്നു സജാദ് പറഞ്ഞിരുന്നത്. എന്നാല്‍, ജനലഴിയില്‍ കണ്ട ചെറിയ കഷണം കയറില്‍ തൂങ്ങിമരിച്ചെന്ന വാദം വിശ്വസിക്കാനാകുമോയെന്ന കാര്യമാണ് പോലീസ് പരിശോധിക്കുന്നത്. തെളിവെടുപ്പിന് ശേഷം സജാദിനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി.
സജാദിന്റെ മുറിയില്‍ നിന്ന് ലഹരി വസ്തുക്കളും മറ്റും കണ്ടെടുത്തതായി വിവവരമുണ്ട്. ഫുഡ് ഡെലിവറി ബിസിനസിന്റെ മറവില്‍ സജാദ് ലഹരിക്കച്ചവടം നടത്തിയിരുന്നതായി പോലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് പോലീസ് സജാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അവള്‍ മരിക്കില്ല, അവള്‍ക്ക് പേടിയാണ്, വീട് വാങ്ങണം, കാര്‍ വാങ്ങണം എന്നൊക്കെയാണ് അവള്‍ ഞങ്ങളോട് പറയാറുണ്ടായിരുന്നത്. എന്റെ മകളെ കൊന്നതാണ്. മകള്‍ ആത്മഹത്യ ചെയ്യില്ല, മകള്‍ പാവമാണ് – കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞും ആര്‍ത്തലച്ചുമുള്ള ഷഹാനയുടെ മാതാവിന്റെ അസ്വസ്ഥതകള്‍ കണ്ടു നിന്നവരില്‍ ദുഃഖമുളവാക്കി.
മോഡലായ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ചമ്പ്രാംകാല ഷഹാനയെ (21) പറമ്പില്‍ ബസാറിനടുത്ത് ഗള്‍ഫ് ബസാറില്‍ നമ്പ്യങ്ങാടത്ത് വാടക വീട്ടിലാണ് വ്യാഴാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടത്. കൊല്ലുമെന്ന് ഭര്‍ത്താവ് സജാദ് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നതായി മാതാവ് ഉമൈബ പറഞ്ഞു. വെള്ളിയാഴ്ചത്തെ പിറന്നാളിനെക്കുറിച്ച് പറഞ്ഞിരുന്നു. ഈ സമയത്തും മര്‍ദിച്ചിരുന്നുവത്രേ. ഒന്നരവര്‍ഷമായി വിവാഹം കഴിഞ്ഞിട്ടെങ്കിലും നാലു തവണ മാത്രമാണ് വീട്ടിലേക്ക് വന്നിട്ടുള്ളത്. ഷഹാനയെ വീട്ടിലേക്ക് വരാനും താമസിക്കാനും അനുവദിച്ചില്ലെന്നും മാതാവ് പറഞ്ഞു.
മര്‍ദനം അസഹ്യമാകുമ്പോള്‍ മകളെ കൂട്ടിക്കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇടക്കിടക്ക് വീട് മാറി താമസിക്കുന്നതിനാല്‍ കഴിഞ്ഞിരുന്നില്ല. പ്ലസ് ടു വരെ പഠിച്ചിരുന്ന മകള്‍ക്ക് അഭിനയം ഏറെ ഇഷ്ടമായിരുന്നു. ഇടക്ക് ഡ്രൈവറായും മറ്റും ജോലി ചെയ്തിരുന്ന സജാദ് മയക്കുമരുന്ന് ഉപയോഗിക്കാറുള്ളതിനാല്‍ നിരന്തരം മര്‍ദിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, മര്‍ദനത്തെ സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു.