ന്യൂഡൽഹി : ഷഹീന്‍ ബാഗിന് സമീപം പോലീസ് അടച്ച പാതകള്‍ തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാക്കി പ്രക്ഷോഭകര്‍. കഴിഞ്ഞ മൂന്ന് ദിവസവും സമവായ ചര്‍ച്ചക്കെത്തിയ മധ്യസ്ഥസംഘത്തോട് ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞു. ഇന്നും മധ്യസ്ഥ ചര്‍ച്ചകള്‍ തുടരും.
ഷഹീന്‍ ബാഗിന് സമീപത്തെ പ്രധാന റോഡുകളും സമാന്തര റോഡുകളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് പോലീസ് അടച്ചുവയ്ക്കുന്നതിനെയാണ് സമരക്കാര്‍ ചോദ്യം ചെയ്യുന്നത്. ഇതുകാരണമാണ് ഗതാഗത പ്രശ്‌നം രൂക്ഷമാകുന്നത്. ചിലയിടങ്ങളില്‍ ബൈക്കുകള്‍ക്ക് കടന്നുപോകാന്‍ മാത്രമാണ് സൗകര്യമുള്ളത്.
ഡല്‍ഹി പോലീസിന്റെയും യുപി പോലീസിൻെറയും നടപടികള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് പ്രക്ഷോഭകര്‍ മധ്യസ്ഥ സംഘത്തോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സമരവേദി മാറ്റില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഗതാഗത പ്രശ്‌നത്തില്‍ സുപ്രിംകോടതിയുടെ തീര്‍പ്പിനായി കാത്തിരിക്കുകയാണ് പ്രക്ഷോഭകര്‍.