കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കുറ്റംസമ്മതിച്ചതായി എഡിജിപി എംആര്‍ അജിത്ത് കുമാര്‍. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ട്രാക്കില്‍ കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണെന്നും എഡിജിപി വ്യക്തമാക്കി. ഷാറൂഖ് സെയ്ഫിയെ കോടതി പതിനൊന്നു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഇന്ന് ഹാജരാക്കിയത്.
അതേസമയം ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. ട്രെയിന്‍ തീവെപ്പിനിടെ ട്രാക്കില്‍ വീണുമരിച്ച മൂന്നുപേരുടെ മരണത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാല്‍ പ്രതിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകള്‍ രണ്ടരവയസുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.