കൊച്ചി : സ്വര്‍ണക്കടത്തു കേസിലെ ഇടനിലക്കാരനെന്ന് ആരോപിക്കുന്ന ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സൗഹൃദസംഭാഷണം പുറത്തുവിട്ടത് അതിന്റെ ഭാഗമായാണെന്നും ഹരജിയില്‍ ഇരുവരും ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനായി കെണിയില്‍ പെടുത്തുകയായിരുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഒളിവില്‍ പോയ ഷാജ് കിരണും ഇബ്രാഹിമും ഇന്ന് നാട്ടില്‍ തിരിച്ചെത്തും.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിഡിയോ തന്റെ കൈവശമുണ്ടെന്നും അത് വീണ്ടെടുക്കാന്‍ തമിഴ്നാട്ടിലേക്ക് പോയതാണെന്നും ഇബ്രാഹിം അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ ലഭിച്ച ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. എന്നാല്‍ അന്വേഷണ സംഘം ഹാജരാകാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇബ്രാഹിം പറഞ്ഞു. രഹസ്യമൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്ന ആരോപിച്ചിരുന്നു. ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും സ്വപ്ന പുറത്തുവിട്ടു.