തിരുവനന്തപുരം: കാരക്കോണം ത്യേസ്യാപുരം സ്വദേശിനി ശാഖാകുമാരി (51) മരിച്ചത് ഷോക്കേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നേരത്തേ ഭര്‍ത്താവ് അരുണ്‍ കൈകൊണ്ട് മുഖം അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഷോക്കടിപ്പിക്കുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ്. കസ്റ്റഡിയിലുളള അരുണ്‍ പരസ്പരവിരുദ്ധമായ മൊഴിനല്‍കിയത് പൊലീസിന് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഷോക്കടിപ്പിച്ചു എന്നും ഇയാള്‍ പറഞ്ഞിരുന്നു. മുറിക്കുളളില്‍ രക്തക്കറ കണ്ടതും ബലപ്രയോഗം നടന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടതും സംശയത്തിനിട നല്‍കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നത്.
കസ്റ്റഡിയിലുളള അരുണിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു കൊലപ്പെടുത്തിയത്. കൃത്യം നടത്താന്‍ പ്രതിയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.