ന്യൂഡല്‍ഹി : റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടി. മൂന്ന് വർഷത്തേക്കാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. കേന്ദ്ര നിയമനകാര്യ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. 2018 ഡിസംബർ12നായിരുന്നു ശക്തികാന്തദാസ് ചുമതലയേറ്റത്. മോദി സര്‍ക്കാരിന്‍റെ കാലയളവില്‍ ഇത് ആദ്യമായാണ് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറുടെ സേവന കാലാവധി നീട്ടി നല്‍കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് കേന്ദ്ര സാമ്പത്തിക കാര്യവകുപ്പ് സെക്രട്ടറിയായിരുന്നു ശക്തികാന്ത ദാസ് . ഉർജിത് പട്ടേൽ രാജിവെച്ചതിനെ തുടർന്നാണ് ശക്തികാന്ത ദാസിനെ റിസർവ്വ് ബാങ്ക് തലപ്പത്തേക്ക് കൊണ്ടുവരുന്നത്.
1980 ബാച്ച് ഐഎഎസ് ഓഫീസറായ ശക്തികാന്ത ദാസ് തമിഴ്നാട് കേഡറിലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. തമിഴ്‌നാട്ടിൽ പ്രിൻസിപ്പൽ സെക്രട്ടറി (ഇൻഡസ്ട്രീസ്), സ്‌പെഷ്യൽ കമ്മീഷണർ (റവന്യൂ), റവന്യൂ സെക്രട്ടറി , വാണിജ്യനികുതി വകുപ്പ് സെക്രട്ടറി, തമിഴ്‌നാട് സംസ്ഥാന പ്രോജക്ട് ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്, കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി, കേന്ദ്ര റവന്യൂ സെക്രട്ടറി, യൂണിയൻ രാസവള സെക്രട്ടറി, സാമ്പത്തിക കാര്യ വകുപ്പിലെ പ്രത്യേക സെക്രട്ടറി എന്നീ കേന്ദ്ര തസ്തികകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാമ്പത്തികശാസ്ത്രത്തിൽ അക്കാദമിക് പിൻബലമില്ലാത്ത ശക്തികാന്ത ദാസിനെ റിസർവ്വ് ബാങ്ക് തലപ്പത്തേക്ക് കൊണ്ടുവന്നതിൽ അന്ന് ബിജെപിക്കകത്ത് തന്നെ എതിർസ്വരങ്ങളുയർന്നിരുന്നു. നോട്ട് നിരോധന സമയത്ത് സര്‍ക്കാരിന്‍റെ മുഖമായി നിത്യേന വാര്‍ത്താസമ്മേളനങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് അന്ന് ധനകാര്യ സെക്രട്ടറിയായിരുന്ന ശക്തികാന്തായിരുന്നു.