തിരുവനന്തപുരം: ഗണപതി വിഷയത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തെയും വേദനിപ്പിക്കാന്‍ അല്ല. ഭരണഘടന തന്നെ ശാസ്ത്രബോധം വളര്‍ത്തണം എന്നാണ് പറയുന്നതെന്നും ഷംസീര്‍ ചൂണ്ടിക്കാട്ടി. നിയമസഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഷംസീര്‍ ഇക്കാര്യം പറഞ്ഞത്. ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെ മതവിശ്വാസത്തെ വൃണപ്പെടുത്തുന്നതാകുമെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.
താന്‍ ആകാശത്തുനിന്ന് പൊട്ടി ഇറങ്ങിയതല്ല. വിദ്യാര്‍ത്ഥി സംഘടന കാലഘട്ടം മുതല്‍ മതേതരത്വത്തിന് വേണ്ടി വാദിക്കുന്നതാണ്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടല്ലോ എന്നും സ്പീക്കര്‍ പറഞ്ഞു. തനിക്ക് പ്രസംഗിക്കാന്‍ അവകാശമുള്ളതുപോലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് അഭിപ്രായം പറയാനുള്ള അവകാശവും ഉണ്ട്. താന്‍ ഭരണഘടനയിലെ ഒരു ഭാഗം മാത്രമാണ് എടുത്തു പറഞ്ഞത്. അത് മതവിശ്വാസത്തെ മുറിപ്പെടുത്താനല്ല. വിദ്വേഷ പ്രചാരണത്തില്‍ വിശ്വാസികള്‍ വീണുപോകരുതെന്ന് സ്പീക്കര്‍ പറഞ്ഞു.