ആലപ്പുഴ : എസ്ഡിപിഐ നേതാവ് കെ.എസ് ഷാനിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍കൂടി കസ്റ്റഡിയിലായതായി സൂചന. രണ്ടു തൃശൂര്‍ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. മൂന്നുപേരും ആര്‍എസ്എസ് അനുഭാവികളാണ്. തൃശൂര്‍ സ്വദേശികളാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നാണ് നിഗമനം. ഗൂഢാലോചനയിലെ പങ്ക് സംശയിച്ചാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. സംശയത്തിന്റെ പേരിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകം നടന്ന് ആറ് ദിവസം കഴിയുമ്പോഴും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരു പ്രതിയെ പോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കൊലയാളികളെ സഹായിക്കുകയോ ഗൂഢാലോചനയില്‍ പങ്കെടുക്കുകയോ ചെയ്തവരാണ് ഇതുവരെ പിടിയിലായത്. കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ മണ്ണഞ്ചേരി പൊന്നാട് കാവച്ചിറ രാജേന്ദ്ര പ്രസാദിനെയും (39) കാട്ടൂര്‍ കുളമാക്കി വെളിയില്‍ രതീഷിനെയും (കുട്ടന്‍ 31) ഇന്നലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പോലീസ് തെളിവെടുത്തു.
ഇതേ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ആംബുലന്‍സ് ഡ്രൈവര്‍ ചേര്‍ത്തല നികര്‍ത്തില്‍ അഖിലിനെ (30) ഇന്നു കോടതിയില്‍ ഹാജരാക്കും. അഖിലിനു ഷാന്‍ വധക്കേസില്‍ നിര്‍ണായക പങ്കുണ്ടെന്നും രക്ഷപ്പെടാന്‍ കൊലയാളികളെ സഹായിച്ചത് അഖിലാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കെ.എസ് ഷാനിന്റെയും ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസിന്റെയും കൊലയാളികള്‍ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പോലീസ് അവര്‍ക്കു പിന്നാലെ പോയിട്ടുണ്ട്. സംഭവങ്ങള്‍ക്കു പിന്നില്‍ ഉന്നത നേതാക്കളുടെ ഗൂഢാലോചനയുണ്ട്. അത് ഒരാളല്ല പങ്കുള്ളവരെയെല്ലാം പ്രതിപ്പട്ടികയില്‍ ചേര്‍ക്കും. സംസ്ഥാനത്തിനു പുറത്തുനിന്ന് പ്രതികള്‍ക്കു സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും വിജയ് സാഖറെ പറഞ്ഞു. പ്രതികള്‍ ഡിജിറ്റല്‍ തെളിവുകളൊന്നും അവശേഷിപ്പിച്ചിട്ടില്ലാത്തതിനാല്‍ അവരെ കണ്ടെത്തുന്നതു ശ്രമകരമാണ്. മൊബൈല്‍ ഫോണും ഉപയോഗിക്കുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് രണ്ടു കേസിലെയും പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതെന്നും വിജയ് സാഖറെ പറഞ്ഞു.