കൊല്ലം : കടയ്ക്കൽ ചിതറയിൽ മാധ്യമ പ്രവർത്തകനെ ആക്രമിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റു ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച സംഭവത്തിൽ അഖില ഭാരത ഹിന്ദുമഹാസഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തീവെപ്പു കേസിലടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതിയായ തലവരമ്പ് അനീഷാണ് ബോൾട്ടു കൊണ്ടു തലയ്ക്കടിച്ചു തന്നെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഷാനവാസിന്റെ പരാതി.
രാഷ്ട്രീയ സമ്മർദ്ദത്തിനു വഴങ്ങി പ്രതിക്കനുകൂലമായ നിലപാടാണ് കടയ്ക്കൽ പോലീസ് സ്വീകരിക്കുന്നതെന്ന് അഖില ഭാരത ഹിന്ദുമഹാ സംസ്ഥാന സെക്രട്ടറി സുരേഷ് കോട്ടയം ആരോപിച്ചു. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വത്തിൽ നിന്നു പോലീസ് ഒഴിഞ്ഞു മാറുന്നതു ഭരണകക്ഷിയിലെ ഒരു ജില്ലാ കമ്മറ്റിയംഗത്തിന്റെ അവിഹിത ഇടപെടൽ മൂലമാണെന്നു സുരേഷ് കോട്ടയം ചൂണ്ടിക്കാട്ടി. ഇനിയും ഷാനവാസിനെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ആശങ്കയറിയിച്ച അഖില ഭാരത ഹിന്ദുമഹാസഭ രാഷ്ട്രീയ പ്രീണനത്തിനു വഴങ്ങി കടയ്ക്കൽ പോലീസിന്റെ മനുഷ്യാവകാശ ധ്വംസനത്തിനും മാധ്യമ സ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് ആനയറ വേണുഗോപാലും സെക്രട്ടറി സുരേഷ് കോട്ടയവും അറിയിച്ചു.