തിരുവനന്തപുരം : കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖം എയര്‍പോര്‍ട്ട് റോഡിന്റെ പുനരുദ്ധാരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന സ്ഥലമായതിനാല്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ക്ക് പകരം ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയതോപ്പ് മുതല്‍ പഴയ കോഫി ഹൗസ് വരെയുള്ള കടല്‍ത്തീരത്ത് ഡയഫ്രം മതില്‍ നിർമാണം പുരോഗമിക്കുകയാണ്. ഇതിന് മുന്നോടിയുള്ള ഗൈഡ് വാളിന്റെ പണി നടക്കുകയാണ്. നേരത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 6.39 കോടി രൂപ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് വഴി സര്‍ക്കാര്‍ അനുവദിച്ചു. അധികതുക പൊതുമരാമത്ത് കൂടി നൽകിയതോടെ നിര്‍മാണം ആരംഭിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടാണ് പുനര്‍നിര്‍മാണ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കുന്നതിനാല്‍ കടലാക്രമണത്തെ അതിജീവിക്കാന്‍ കഴിയും. തീരമേഖലയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുവാന്‍ മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു.