ഷാര്‍ജ: ഷാര്‍ജ തീരത്ത് കപ്പലില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ള ആളുകളെ രക്ഷിക്കാനുള്ള നടപടി തുടങ്ങി. ഇറാനില്‍ നിന്ന് മടങ്ങുംവഴി ഷാര്‍ജ തീരത്ത് അകപ്പെട്ട മൂന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ശ്രമം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ നങ്കൂരമിടാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആറു ദിവസമായി കപ്പലില്‍ തുടരുന്ന തിരുവനന്തപുരം സ്വദേശി ഷിബു, പാലക്കാട് സ്വദേശി രജീഷ് മാണി, കോഴിക്കോട് സ്വദേശി പ്രകാശന് എന്നിവരുള്‍പ്പെടെയുള്ള 12 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ശ്രമം നടത്തുന്നത്. നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി കൂടിയാലോചന നടത്തിവരുകയാണെന്ന് നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന് നമ്പൂതിരി പറഞ്ഞു.
രണ്ടു ദിവസത്തിനുള്ളില്‍ ഇവരെ കരക്കെത്തിക്കാന്‍ വഴിതെളിയുമെന്നാണ് അധികൃതര്‍ ഉറപ്പുനല്‍കുന്നത്. ആഹാരവും വെള്ളവുമെല്ലാം തീര്‍ന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ അവശരാണ്. കോവിഡ് ബാധ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ എല്ലാം പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ ഇവരുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമാകുകയുള്ളു. ദുബൈ ആസ്ഥാനമായ സിയാന് വെസല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ മൂന്നുമാസത്തെ ജോലിക്കായി ഇറാനിലേക്ക് പോയതായിരുന്നു. ഇറാനിയന്‍ ക്രൂ അംഗങ്ങളെ അവിടെ ഇറക്കിയ ശേഷം ഷാര്‍ജയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് കപ്പലിന് നങ്കൂരമിടാന്‍ അനുമതി നിഷേധിച്ചത്.