തിരുവനന്തപുരം : ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ വിദേശപര്യടനം നടത്തിയ ശശിതരൂർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തി. വിദേശരാജ്യങ്ങളിൽ ഭാരതീയൻ എന്ന നിലയിലാണ് താൻ സംസാരിച്ചതെന്ന് ശശി തരൂർ വ്യക്തമാക്കി. ഒരു ഭാരതീയനായി ഭാരതത്തിനു വേണ്ടി സംസാരിക്കാൻ പോയി അതായിരുന്നു തന്റെ കടമ, അത് താൻ നിറവേറ്റി.രാഷ്ട്രീയ വിവാദങ്ങൾക്ക് സമയമാകുമ്പോൾ മറുപടി നൽകും. പറയാനുള്ളതെല്ലാം കേൾക്കേണ്ടവരെ കേൾപ്പിക്കണമെന്നതായിരുന്നു ലക്ഷ്യമെന്നും തരൂർ പറഞ്ഞു.
പാകിസ്താന്റെ ഒരു അജണ്ടയും ആഗോളതലത്തിൽ നടപ്പാക്കാൻ ആയിട്ടില്ല. ആരും അവരെ കേൾക്കാൻ തയ്യാറായില്ല. ഇന്ത്യ പാക് വെടിനിർത്തലിൽ അമേരിക്ക മധ്യസ്ഥത വഹിച്ചു എന്ന വാദങ്ങളെ ശശി തരൂർ തള്ളി. യു എസ് പ്രതിനിധികളുമായി സംസാരിക്കുമ്പോൾ ആരും വ്യാപാരത്തിന്റെ കാര്യമോ മധ്യസ്ഥതയുടെ കാര്യമോ പറഞ്ഞില്ല. സ്കൂൾ കുട്ടികളുടെ വഴക്ക് പ്രിൻസിപ്പൽ ഇടപെട്ട് നിർത്തുന്നത് പോലുള്ളതല്ല ഇക്കാര്യത്തിലെ മധ്യസ്ഥത. പാകിസ്താൻ പ്രകോപനം സൃഷ്ടിച്ചാൽ തങ്ങൾ മറുപടി നൽകും എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്താൻ നിർത്തിയാൽ തങ്ങളും നിർത്തും. ഇതായിരുന്നു അമേരിക്കയെ അറിയിച്ചത്. അത് അമേരിക്ക പാകിസ്താനെ അറിയിച്ച് അവരെ കൊണ്ട് നിർത്തിപ്പിച്ചിട്ടുണ്ടെങ്കിൽ അത് അഭിനന്ദനീയമാണ്. തങ്ങൾ ആരുടെയും മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ല ശശി തരൂർ പ്രതികരിച്ചു.
അമേരിക്ക, പനാമ, ഗയാന, ബ്രസീൽ കൊളംബിയ എന്നീ രാജ്യങ്ങളിലായിരുന്നു ശശിതരൂർ എംപിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ സന്ദർശനം. അഞ്ചു രാഷ്ട്രങ്ങളിലെയും സന്ദർശനം പൂർത്തിയാക്കി ഇന്ന് ഉച്ചയോടെയാണ് സംഘം മടങ്ങിയെത്തിയത്. വിദേശ രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചു എന്ന് ശശിതരൂർ പറഞ്ഞു. കൊളംബിയ പാകിസ്താനെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവന പിൻവലിച്ചു. വിവിധ രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. അതിൽ പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റുമാർ, പ്രധാനമന്ത്രിമാർ, വിദേശകാര്യമന്ത്രിമാർ, വിദേശകാര്യ വിദഗ്ധൻമാർ എന്നിവരെ കണ്ടു. തന്റെ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നേരിൽ നൽകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.