പത്തനംതിട്ട : ശാസ്താംകോട്ടയിൽ ചന്തകുരങ്ങന്മാർ പട്ടിണിയിലാണെന്ന മാധ്യമ വാർത്തകളെ തുടർന്ന് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. വനംവകുപ്പ് ഫ്ലൈയിംങ് സ്ക്വാഡിലെ ഡി.എഫ്.ഒ.യാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഫ്ലൈയിംങ് സ്ക്വാഡിലെ റാന്നി റേഞ്ച് ഓഫീസർ ശാസ്താംകോട്ടയിലെത്തി അനേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.
വനം വകുപ്പ് ഫ്ലൈയിംങ് സ്ക്വാഡിലെ ഡി.എഫ്.ഒ ബൈജുകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ഫ്ലൈയിംങ് സ്ക്വാഡിലെ റാന്നി റേഞ്ച് ഓഫീസർ മനോജിന്റെ നേതൃത്വത്തിൽ മൂന്നംഗസംഘം ശാസ്താംകോട്ടയിലെത്തി അന്വേഷണം നടത്തി. വാനരപടയ്ക്ക് ഭക്ഷണം ലഭിക്കാത്തത് മൂലം വീടുകളിലെ കാർഷിക വിളകൾ നശിപ്പിക്കുന്നത് അന്വേഷണ സംഘം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. ചന്തയിലെ കുരങ്ങന്മാർ അർദ്ധ പട്ടിണിയിലാണെന്നും അതിനാലാണ് വാനരപട ജനവാസ കേന്ദ്രങ്ങളിലെത്തി കൃഷിയും വിളകളും നശിപ്പിക്കുന്നുവെന്നും കാട്ടി അന്വേഷണ സംഘം ഡി.എഫ്.ഒക്ക് റിപ്പോർട്ട് സമർപ്പിച്ചു.
വാനരന്മാരുടെ ഭക്ഷണ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉടൻ തന്നെ കാണുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ശാസ്താംകോട്ട കണ്ടെയ്ൻമെൻ്റ് സോണായതോടെ മാർക്കറ്റ് അടച്ച് പൂട്ടിയതിനാലാണ് വാനരപ്പട ആഹാരം തേടി കൂട്ടത്തോടെ നാട്ടിലേയ്ക്ക് എത്തിയത്.