മലപ്പുറം : വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിനു സമീപം താമസിച്ചിരുന്ന കോടക്കളത്തിൽ ഷൈനിയെ (32) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് ഫറോക്ക് പെരുമുഖം പുത്തൂർ ഷാജി (42) യെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
ഷൈനിയുടെ അമ്മയെ മർദിച്ചെന്ന കേസിൽ നാലു വർഷം തടവും 25,000 രൂപയും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതിക്കെതിരേ കൊലപാതകം, അതിക്രമിച്ചുകയറൽ, സ്ത്രീകൾക്കെതിരായ ആക്രമണം എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തുടർന്ന് കേസിലെ ശിക്ഷാവിധി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. 2013 ഫെബ്രുവരി 20 നാണ് കേസിനാസ്പദമായ സംഭവം.
ഷാജി മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായതിനാൽ ഷൈനി പരപ്പനങ്ങാടിയിൽ അമ്മയോടൊപ്പം താമസിക്കുകയായിരുന്നു. സംഭവദിവസം വീട്ടിൽ അതിക്രമിച്ചു കയറിയ ഷാജി ഷൈനിയെ കത്തി കൊണ്ട് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് മേശയുടെ കാലു കൊണ്ട് മർദിച്ച് മരണം ഉറപ്പാക്കി. അക്രമം തടയാനെത്തിയ അമ്മ കമലയെയും സഹോദരിമാരായ വിമല, തങ്കമണി എന്നിവരെയും ആക്രമിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട് ഷൈനി കോടതിയെ സമീപിച്ചതാണു ഷാജിയെ പ്രകോപിപ്പിച്ചത്.