തിരുവല്ല : കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങള്‍ പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ മുഖ്യപങ്കാളിയെന്ന് തിരുവല്ല നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ പറഞ്ഞു. വീട്ടിലൊരു കുടുംബശ്രീ ഉത്പന്നം കാമ്പയിന്റെ ഭാഗമായി നടന്ന തിരുവല്ല മേഖലാതല ഷീടോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയനഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി വനിതാ ദിനാഘോഷ പ്രവര്‍ത്തനങ്ങള്‍ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്യുകയും വീട്ടിലൊരു കുടുംബശ്രീ ഉത്പന്നത്തിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഗ്രാമ, നഗര വ്യത്യാസമില്ലാതെ സമസ്ത മേഖലകളിലേയ്ക്കും കടന്നിരിക്കുകയാണ്. ലഘുസമ്പാദ്യ പ്രവര്‍ത്തനങ്ങളിലൂടെ തുടങ്ങിയ കുടുംബശ്രീ ചെറുകിട യൂണിറ്റുകള്‍ ആരംഭിച്ച് വനിതകളെ വീടിന്റെയും നാടിന്റെയും ഗൃഹനാഥയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയവും അന്തര്‍ദേശീയവുമായ മേളകളില്‍ വരെ കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്ത് വിജിയിക്കുന്നത് നമ്മുടെ നാടിന് അഭിമാനിക്കാവുന്നതാണ്. ഷീടോക്കിലൂടെ അനുഭവം പങ്ക് വയ്ക്കുമ്പോള്‍ അത് മറ്റ് സംരംഭകര്‍ക്ക് വളരെയേറെ പ്രയോജനകരമാകും. ആത്മാര്‍ഥതയും സമയനിഷ്ഠയും സംരംഭക പ്രവര്‍ത്തനത്തില്‍ ഏറ്റവും ആവശ്യമായ ഘടകങ്ങളാണ്. മാര്‍ച്ച് 15ന് എല്ലാ വീടുകളിലും കുടുംബശ്രീ ഉത്പന്നം എത്തിക്കുന്ന വിപുലമായ കാമ്പയിനിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വലിയ പ്രചാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആവിഷ്‌ക്കരിച്ചിട്ടുള്ള പ്രധാന പദ്ധതികളില്‍ ഒന്നാണ് ഷീ ലോഡ്ജ്. ഷീ ലോഡ്ജ് നിര്‍മാണത്തിനാവശ്യമായ സ്ഥലത്തിന് അനുമതി നല്കുകയും 40 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തതായി ചെയര്‍മാന്‍ പറഞ്ഞു.
ഓരോ ജില്ലയിലേയും മികച്ച സംരംഭകരെ തിരഞ്ഞെടുത്ത് അവരുടെ അനുഭവങ്ങളും വിജയപാടവും വെല്ലുവിളികളും ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സംരംഭകര്‍ക്ക് കൂടി ഉപയോഗപ്രദമാക്കുന്ന രീതിയില്‍ കുടുംബശ്രീ സംരംഭകരുമായും അംഗങ്ങളുമായും പങ്ക് വയ്ക്കുന്ന പരിപാടിയാണ് ഷീ ടോക്ക്. പുളിക്കീഴ്, കോയിപ്രം, മല്ലപ്പള്ളി ബ്ലോക്കുകളിലെയും തിരുവല്ല നഗരസഭയിലെയും തെരഞ്ഞെടുത്ത സംരംഭകരാണ് തിരുവല്ല മേഖലയില്‍ നടന്ന ഷീടോക്കിലും പരിശീലനത്തിലും പങ്കെടുത്തത്. കുടുംബശ്രീ ഉത്പന്നങ്ങള്‍ മാര്‍ച്ച് 15 ന് ജില്ലയിലെ ഓരോ വീട്ടിലേയ്ക്കും എത്തിക്കുന്ന സംസ്ഥാനതല പ്രചാരണ പരിപാടിയായ വീട്ടിലൊരു കുടുംബശ്രീ ഉത്പന്നം കാമ്പയിന്റെ ഭാഗമായാണ് ഷീടോക്ക് സംഘടിപ്പിച്ചത്. കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മയും തനിമയും എല്ലാ വീടുകളിലും എത്തിച്ച് പരിചയപ്പെടുത്തുക, കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് സ്ഥിരപ്രാദേശിക വിപണി കണ്ടെത്തുക, കുടുംബശ്രീ സിഡിഎസ്, എഡിഎസ് അയല്‍ക്കൂട്ട സംവിധാനത്തിന് ഉണര്‍വ് നല്‍കി ഉപജീവന മാര്‍ഗങ്ങളെക്കുറിച്ചും അതിന്റെ വരുമാന സാധ്യതയെക്കുറിച്ചുമുള്ള അറിവുകള്‍ എല്ലാ വീടുകളിലും എത്തിച്ച് പുതിയ സംരംഭ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനുളള പ്രചോദനം നല്‍കുക എന്നിവ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.
വൈഎംസിഎ ഹാളില്‍ നടന്ന തിരുവല്ല മേഖലാതല ഷീടോക്കില്‍ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എല്‍. ഷീല അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, കൗണ്‍സിലറായ ജോയി പരിയാരം, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ അനു, അനിത.കെ. നായര്‍, മുകേഷ് കുമാര്‍, എന്‍.യു.എല്‍.എം മാനേജര്‍ എസ്. അജിത്, സുമി, അനു.വി.ജോണ്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ ധനേഷ് എം പണിക്കര്‍, അഞ്ജു, ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
നെടുമ്പ്രം പഞ്ചമി യൂണിറ്റിലെ ബിന്ദു ജയന്‍, ദേവി ബുക്ക് ബയന്റ് യൂണിറ്റിലെ എല്‍.രമണി, മലയാലപ്പുഴ മൗണ്ട് ഇന്‍ കഫേ കുടുംബശ്രീ യൂണിറ്റിലെ ലത എന്നിവര്‍ വിജയാനുഭവം പങ്കു വച്ചു. തുടര്‍ന്ന് ദേശീയനഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര വനിതാദിന പ്രതിജ്ഞ ചൊല്ലുകയും ഒപ്പ് ശേഖരണം നടത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ഇന്‍സ്‌പെക്ടര്‍ പ്രശാന്ത്, ലീഗല്‍ മെട്രോളജി വകുപ്പ് ഇന്‍സ്‌പെക്ടര്‍ അല്ലി, പുളിക്കീഴ് ബ്ലോക്ക് വ്യവസായ ഓഫീസര്‍ സ്വപ്ന എന്നിവര്‍ പരിശീലന ക്ലാസുകള്‍ നയിച്ചു.