കോട്ടയം : പാറപ്പാടത്തെ വീട്ടമ്മ ഷീബയുടെ കൊലപാതകത്തിന് ശേഷം പ്രതി താമസിച്ച കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ നിന്ന് 28 പവന്‍ സ്വര്‍ണം കണ്ടെത്തി. സ്വര്‍ണം സൂക്ഷിച്ചത് മുറിയിലെ അലമാരയില്‍. കൊല്ലപ്പെട്ട ഷീബയുടെ 55 പവന്‍ സ്വര്‍ണമാണ് കാണാതായത്. പ്രതി താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ എറണാകുളം എടപ്പള്ളി കുന്നുംപുറത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. കോട്ടയത്ത് നിന്ന് എറണാകുളത്തെത്തിയ പ്രതിക്ക് പാചകം അറിയാം എന്നതിനാല്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ ജോലി ലഭിച്ചു.
മോഷണം മാത്രമായിരുന്നു ലക്ഷ്യമെന്ന് താഴത്തങ്ങാടി കൊലപാതകക്കേസില്‍ പിടിയിലായ പ്രതി പോലീസിനോട് വ്യക്തമാക്കി. കൊല്ലപ്പെട്ട പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയുടെ (55)വീടുമായി അടുത്ത ബന്ധമുള്ള സഹോദരന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ബിലാല്‍ (23) ആണ് അറുംകൊല നടത്തിയശേഷം സ്വര്‍ണവും പണവും പോര്‍ച്ചില്‍ കിടന്നിരുന്ന കാറുമായി കടന്നുകളഞ്ഞത്. എറണാകുളത്ത് താമസിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എറണാകുളത്തുനിന്നുമാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മോഷ്ടിച്ചെടുത്ത കാറും പിടിച്ചെടുത്തു.
താഴത്തങ്ങാടിയില്‍ ഹോട്ടല്‍ നടത്തിയിരുന്ന ബിലാല്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ മുഹമ്മദ് സാലിക്കിന്റെ (60) വീട്ടിലെത്തി. മുന്‍വശത്തെ വാതിലിലൂടെ അകത്തു കയറിയ ബിലാല്‍ സെറ്റിയില്‍ ഇരുന്നു. ഇതിനിടയില്‍ സാലിക്ക് എത്തി. ഉടനടി യാതൊരു പ്രകോപനവുമില്ലാതെ മുറിയില്‍ കിടന്നിരുന്ന ടീപ്പോയി ചവിട്ടിപ്പൊട്ടിച്ച് അതിന്റെ കാല്‍ എടുത്ത് സാലിക്കിന്റെ തലിയില്‍ അടിക്കുകയായിരുന്നു. ശബ്ദംകേട്ട് അടുക്കളയില്‍ നിന്നും ഓടിയെത്തിയ ഷീബയേയും അടിച്ചുവീഴ്ത്തി. ബോധം നഷ്ടമായി കിടന്നിരുന്ന ഇരുവരും മരിച്ചുവെന്നാണ് ബിലാല്‍ കരുതിയത്.
തുടര്‍ന്നാണ് അലമാരി പരിശോധിച്ചത്. അവിടെനിന്നും ലഭിച്ച സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം ഷീബയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണമാലയും വളയും മോതിരവും ഊരിയെടുത്തു. തുടര്‍ന്നാണ് സ്വീകരണ മുറിയിലെ മേശപ്പുറത്ത് കിടന്നിരുന്ന വാഗണ്‍-ആര്‍ കാറിന്റെ താക്കോല്‍ കൈക്കലാക്കിയത്. പത്തുമണിയോടെ കാറുമായി പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
തെളിവുകള്‍ നശിപ്പിക്കാനും ബിലാല്‍ ശ്രമിച്ചിരുന്നു. അതിനായിട്ടാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആരെങ്കിലും വൈദ്യുതി ബള്‍ബ് പ്രകാശിപ്പിക്കാന്‍ സ്വിച്ച് ഇട്ടാല്‍ തീ പടരുമെന്നും ഇരുവരും കത്തി ചാമ്പലാവുമെന്നുമാണ് കരുതിയത്. കൂടാതെ വീട് പുറത്തുനിന്നും പൂട്ടിയതിനാല്‍ ഷീബയും സാലിക്കും പുറത്തുപോയതായി അയല്‍ക്കാര്‍ കരുതുമെന്നും ഇയാള്‍ ഉറപ്പിച്ചിച്ചിരുന്നു. വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.
ഇരുവരും മരിച്ചുവെന്ന് കരുതി പുറത്തിറങ്ങിയ ബിലാല്‍ കാറുമായി സ്ഥലം വിടുകയായിരുന്നു. വൈക്കത്ത് എത്തിയ ഇയാള്‍ നേരെ പോയത് ആലപ്പുഴയിലേക്കാണ്. തുടര്‍ന്നാണ് എറണാകുളത്തേക്ക് പോയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.