കൊല്ലം : സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിത്യസന്ദര്‍ശകയായിരുന്നുവെന്നും ഷിബു ബേബി ജോണ്‍ പറയുന്നു. എംഎല്‍എ മാര്‍ക്കുപോലും പ്രവേശനം ഇല്ലാത്ത മുഖ്യമന്ത്രിയുടെ ഓഫീസില്‍ കഴിഞ്ഞ ആറുമാസത്തിനിടെ എത്തിയവരുടെ വിവരങ്ങള്‍ പുറത്തുവിടണം. അതില്‍ ഈ സ്വപ്ന സുരേഷ് ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും ഷിബു ബേബി ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പിന്‍ബലം ഇല്ലെങ്കില്‍ എങ്ങനെയാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരി മാത്രമായ സ്വപ്നയ്ക്ക് സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച വിസിറ്റിങ് കാര്‍ഡ് ഉണ്ടാക്കാന്‍ സാധിച്ചതെന്നും ആരാണ് ഇതനുവദിച്ചുകൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. ഇവര്‍ക്ക് എങ്ങനെ നിയമനം കിട്ടിയെന്ന് അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്ലസ് ടുവും അറബി ഭാഷയിലുള്ള പ്രാവീണ്യവുമേ ഈ സ്ത്രീയ്ക്കുള്ളു. അങ്ങനെയുള്ള ഒരു വ്യക്തിക്ക് എങ്ങനെയാണ് ഐടിസ്ഥാപനത്തില്‍ ഉന്നത സ്ഥാനത്ത് ജോലി കിട്ടിയതെന്ന് വ്യക്തമാക്കണം. ഈ സ്ഥാപനത്തില്‍ പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇവര്‍ ജോലിചെയ്യുന്ന തസ്തിക സ്ഥിരപ്പെടുത്തുന്നതിനുള്ള തീരുമാനമായിരുന്നു അത്.
ഒരു ക്ഷേമനിധി ബോര്‍ഡില്‍ ക്ലര്‍ക്കായി ജോലിചെയ്യാന്‍ കുറഞ്ഞത് ബിരുദമാണ് വേണ്ടത്. അങ്ങനെയുള്ള ഒരു നാട്ടില്‍ പ്ലസ്ടുവും അറബിയും പഠിച്ച ഒരു വ്യക്തിക്ക് എങ്ങനെ ഉന്നത സ്ഥാനം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.