കേരളത്തിൽ മൺസൂൺ ആരംഭിച്ചിരിക്കുകയാണ്. കനത്ത ചൂടിൽ നിന്ന് അൽപം ആശ്വാസം ലഭിക്കുമെങ്കിലും അൽപം ശ്രദ്ധിക്കേണ്ട കാലം തന്നെയാണ് ഈ മൺസൂൺ കാലം. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ നിങ്ങളുടെ ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്കും ഇക്കാലത്ത് പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ്. അന്തരീക്ഷത്തിൽ നില നിൽക്കുന്ന ഈർപ്പവും മറ്റും നിങ്ങളുടെ ഫോണുകളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ അൽപം ഒന്ന് ശ്രദ്ധിച്ചാൽ നമ്മുടെ ഉപകരണങ്ങൾ സുരക്ഷിതമായി തന്നെ സംരക്ഷിക്കാവുന്നതാണ്. ഈർപ്പം, പെട്ടെന്നുള്ള കാലാവസ്ഥ മാറ്റം, മഴപെയ്യുമ്പോൾ പതിക്കാൻ സാധ്യതയുള്ള വെള്ളം എന്നിവയെല്ലാമാണ് ഫോണുകൾക്ക് ഭീഷണിയാകുന്നത്. ഇവ ഓരോന്നും നിങ്ങളുടെ ഗാഡ്ജറ്റിന് ഗുരുതരമായി ദോഷം ചെയ്യും. ഇവയെ ചെറുക്കാനുള്ള പ്രധാന മാർഗങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഇതിൽ ആദ്യത്തെ കാര്യം വാട്ടർപ്രൂഫ് കവറുകളും കേയ്സുകളും ഉപയോഗിച്ച് ഉപകരണങ്ങൾ സംരക്ഷിക്കുക എന്നതാണ്.
ഇവ നിങ്ങളുടെ ഉപകരണങ്ങളെ വെള്ളം തെറിക്കുന്നതിൽനിന്ന് സംരക്ഷിക്കുക മാത്രമല്ല ഉയർന്ന ആർദ്രതയുടെ അപകടങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ഇക്കാലത്ത് ഫോണുകൾ സംരക്ഷിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് സിലിക്ക ജെൽ പാക്കറ്റുകൾ ഫോണിന്റെ സമീപത്ത് സൂക്ഷിക്കുക എന്നത്. അധിക ഈർപ്പം ആഗിരണം ചെയ്യാനുള്ള കഴിവ് സിലിക്ക ജെല്ലുകൾക്ക് ഉണ്ട്. നിങ്ങളുടെ ഗാഡ്‌ജെറ്റ് ബാഗിനുള്ളിൽ കുറച്ച് സിലിക്ക ജെൽ പാച്ചുകൾ വെയ്ക്കുക. ഇത് നിങ്ങളുടെ ഉപകരണങ്ങളെ ഈർപ്പം മൂലമുള്ള കേടുപാടുകളിൽ നിന്ന് തടയും. നിങ്ങളുടെ വീട്ടിൽ ഏസി ഉണ്ടെങ്കിൽ ഈ മുറിയിൽ ഇത്തരം ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ സൂക്ഷിക്കുന്നതും നല്ലതായിരിക്കും. കാരണം പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം ഗാഡ്ജറ്റുകളെ വലിയ രീതിയിൽ സ്വാധീനിക്കാൻ സാധ്യത ഉണ്ട്. സ്ഥിരമായ താപനില നിലനിർത്തുകയും ഈർപ്പത്തിന്റെ അളവ് കുറയ്ക്കാനും എസി സഹായിക്കുന്നതാണ്. ഇതുമൂലം ഗാഡ്ജറ്റുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ ഒഴിവാക്കാവുന്നതാണ്.
മറ്റൊരു കാര്യമാണ് ഇത്തരം ഗാഡ്ജറ്റുകളുടെ ഉപയോഗം മഴക്കാലത്ത് പരമാവധി കുറയ്ക്കുക എന്നത്. മഴയത്ത് ഫോണുകൾ പോലുള്ള ഉപകരണം പ്രവർത്തിപ്പിക്കുമ്പോൾ ഇത് കേട് വരാനുള്ള സാധ്യത വളരെ വലുതാണ്. ചാറ്റൽ മഴ വരെ ഇത്തരത്തിൽ ഭീഷണി ഉണ്ടാക്കിയേക്കാം. മാത്രമല്ല ഈ സമയത്തെ ഇടി മിന്നലുകളും പല തരത്തിലുള്ള ഇലക്ട്രോണിക് വസ്തുക്കളെ നശിപ്പിക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഉപയോഗം കുറയ്ക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. നിങ്ങളുടെ ഉപകരണത്തിൽ വെള്ളം കയറിയതായി സംശയം തോന്നിയാൽ ഉടനടി ഇത് വൃത്തിയാക്കാൻ ശ്രമിക്കുക.
നിങ്ങളുടെ ഉപകരണം നനഞ്ഞാൽ ഉടൻ തന്നെ അത് ഓഫ് ചെയ്ത് കഴിയുന്നത്ര നന്നായി ഉണക്കുക. ആവശ്യമെങ്കിൽ പ്രൊഫഷണൽ സഹായം തേടുക. ചെറിയ രീതിയിൽ വെള്ളം കയറിയ ഫോണുകൾ ആണെങ്കിൽ അരി ഇട്ടുവെയ്ക്കുന്ന പാത്രത്തിൽ അൽപ നേരം സൂക്ഷിക്കുന്നതും നന്നായിരിക്കും. കാരണം ഇതിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തെ അരി ആഗീരണം ചെയ്യും എന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. മൺസൂൺ കാലം വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകുമെങ്കിലും ഇത് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വലിയ ഭീഷണി ഉയർത്തും. എന്നിരുന്നാലും വാട്ടർപ്രൂഫ് സംരക്ഷണം നൽകുക, താപനില സ്ഥിരത നിലനിർത്തുക, മഴയിൽ ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നത് ഇവ സംരക്ഷിക്കാൻ സഹായിക്കും