കൊച്ചി:ചോറ്റാനിക്കരയില്‍ പിടിപെട്ട ഷിഗല്ല രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനായില്ല.പുറത്തു നിന്നുള്ള ഭക്ഷണമാണ് രോഗത്തിന്റെ ഉറവിടം എന്നാണ് നിലവിലെ വിലയിരുത്തലെന്ന് ആരോഗ്യവകുപ്പ്.നിലവില്‍ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെങ്കിലും കരുതല്‍ തുടരാന്‍ ആണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ഷിഗല്ല പ്രതിരോധം ഉറപ്പാക്കാനായി പ്രത്യേക യോഗങ്ങള്‍ ചേരുകയും രോഗസാധ്യത ഇല്ലാതാക്കാനുള്ള നടപടികള്‍ ഉറപ്പാക്കുകയും ചെയ്തു കൊണ്ടാണ് പ്രതിരോധം ഉറപ്പാക്കുന്നത്.രോഗം സ്ഥിരീകരിച്ച ചോറ്റാനിക്കര പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ കിണറുകളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പടെ ഉള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഉള്‍പ്പടെ പ്രദേശത്തെ 14 കിണറുകളിലെ വെള്ളത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധന നടത്തിയെങ്കിലും ഇതു വരെ ഫലം വന്ന സാമ്പിളുകള്‍ ഒന്നും തന്നെ രോഗാണുവിന്‍റെ സാനിധ്യം കണ്ടെത്താന്‍ സാധിച്ചില്ല. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി.രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിലെ റാപിഡ് റെസ്‌പോണ്‍സ് ടീം അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസിലെയും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെയും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രോഗം സ്ഥിരീകരിച്ച പ്രദേശം സന്ദര്‍ശിച്ചു സ്ഥിതി ഗതികള്‍ വിലയിരുത്തുകയും ചെയ്തു.