വയനാട് : വയനാട് നൂല്‍പ്പുഴയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. നൂല്‍പ്പുഴ പഞ്ചായത്ത് സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് പ്രദേശത്തെ സ്ഥിതി ഗതികള്‍ വിലയിരുത്തി.
നായ്ക്കട്ടി നാഗരംചാല്‍ കാട്ടുനായ്ക്ക കോളനിയിലെ 59 വയസുകാരിയ്ക്കാണ് ഇന്നലെ ഷിഗല്ല സ്ഥിരീകരിച്ചത്. ഇവര്‍ ബത്തേരി ആശുപത്രിയില്‍ ചികിത്സയിലാണ്. നഗരംചാല്‍ കോളനിയിലുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കിക്കഴിഞ്ഞു. നിലവില്‍ രോഗവ്യാപനം കണ്ടെത്തിയിട്ടില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.
പഞ്ചായത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കാനും പ്രദേശത്തെ ജലസ്രോതസ്സുകള്‍ ശുചീകരിക്കാനുമാണ് നീക്കം.