മഞ്ചേരി: മഞ്ചേരിയില്‍ കുഴിമന്തി കഴിച്ച മൂന്നര വയസ്സുകാരന് ഷിഗെല്ല. കുഴിമന്തി കഴിച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിക്കുകയായിരുന്നു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയായ മൂന്നര വയസ്സുകാരനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഹോട്ടലിനെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ്, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവര്‍ക്ക് കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.
മാര്‍ച്ച് 31ന് കുട്ടി കുടുംബത്തോടൊപ്പം മഞ്ചേരിയിലെ മന്തിക്കടയില്‍നിന്ന് കുഴിമന്തിയും അല്‍ഫഹാമും കഴിച്ചിരുന്നു. പിതാവും പിതാവിന്റെ സഹോദരിയുടെ മക്കളും അടക്കം എട്ടുപേരാണ് ഭക്ഷണം കഴിക്കാനെത്തിയിരുന്നത്. രാത്രിയോടെ കുട്ടികളായ നാലുപേര്‍ക്ക് പനി, വയറുവേദന, ഛര്‍ദ്ദി എന്നിവ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം രക്തപരിശോധന ഫലം വന്നപ്പോഴാണ് കുട്ടിക്ക് ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചത്.