കൊച്ചി: എറണാകുളം ജില്ലയില്‍ ഒരു ഷിഗെല്ല കേസ് കൂടി സ്ഥിരീകരിച്ചു. 11 വയസുള്ള കറുകുറ്റി സ്വദേശിയായ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയേയും ഇരട്ട സഹോദരിയേയും ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് ജനുവരി 21 ന് അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടികളില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.
കുട്ടികള്‍ പുറത്ത് നിന്ന് കഴിച്ച ഐസ്‌ക്രീമില്‍ നിന്നായിരിക്കാം ഷിഗെല്ല രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീടും പരിസരവും പരിശോധിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇതുവരെ പ്രദേശത്ത് ആര്‍ക്കും തന്നെ സമാന രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗബാധ കണ്ടെത്തിയ വീട്ടിലെ ഉള്‍പ്പെടെ, പ്രദേശത്തെ കിണറുകളിലെ വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്കയച്ചിട്ടുണ്ട്.
നേരത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചിരുന്നു. മലിനജലം, പഴകിയ ഭക്ഷണം എന്നിവയിലൂടെയാണ് ബാക്ടീരിയ പകരുന്നത്. പനി, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഏഴു ദിവസത്തിനുള്ളില്‍ രോഗ ലക്ഷണമുണ്ടാകും.