ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും ദേശീയ-സംസ്ഥാന അവാർഡ് ജേതാവുമായ ഷിജിൻ വർഗീസിന് അമേരിക്കയിലെ കോമൺവെൽത്ത് ഓഫ് കന്റക്കിയുടെ ഗവർണർ നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ “കന്റക്കി കേർണൽ” പട്ടം ലഭിച്ചു. ലോകപ്രശസ്തരായ മുഹമ്മദ് അലി, വാൾട്ട് ഡിസ്നി, വിൻസ്റ്റൺ ചർച്ചിൽ തുടങ്ങിയവർ മുൻകാലങ്ങളിൽ ഈ ബഹുമതിക്ക് അർഹരായവരാണ്. കഴിഞ്ഞ 15 വർഷത്തിലേറെക്കാലമായി ഇന്ത്യയിലെയും വിദേശത്തെയും സാമൂഹിക പ്രവർത്തനം, പരിസ്ഥിതി പ്രവർത്തനം, പാലിയേറ്റീവ് കെയർ, ആദിവാസി മേഖലയിലെ പ്രവർത്തനം, ഭിന്നശേഷി മേഖലയിലെ പ്രവർത്തനം, വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനം, ആരോഗ്യ മേഖലകളിലുണ്ടാക്കിയ മാതൃകാപരമായ ഇടപെടലുകളും മനുഷ്യസേവനത്തിനായി നടത്തിയ നിസ്വാർത്ഥ പ്രവർത്തനങ്ങളും അന്താരാഷ്ട്ര തലത്തിൽ അംഗീകാരത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
ഇന്ത്യൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയിൽ നിന്നും മികച്ച എൻഎസ്എസ് വോളണ്ടിയർക്കുള്ള ഇന്ദിര ഗാന്ധി നാഷണൽ അവാർഡ്, കേരള സർക്കാരിന്റെ കേരളത്തിലെ മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള സ്വാമി വിവേകാനന്ദ യുവ പ്രതിഭാ പുരസ്കാരം, കേരള സർക്കാരിന്റെ കേരളത്തിലെ മികച്ച എൻ എസ് എസ് വോളന്റീർക്കുള്ള സംസ്ഥാന അവാർഡ്, ദക്ഷിണ കൊറിയയിൽ നടന്ന ഇന്റർനാഷണൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തത്, വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം (ഒരു ദിവസം കൊണ്ട് 1 ലക്ഷം യൂണിറ്റ് രക്തശേഖരണം) തുടങ്ങി നിരവധി അംഗീകാരങ്ങൾ ഷിജിന് ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള ദേശീയ അവാർഡും ആറു തവണ ഗിന്നസ് വേൾഡ് റെക്കോർഡും ലഭിച്ച നിഫയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും കേരള സംസ്ഥാന പ്രസിഡന്റും പത്തനംതിട്ട ജില്ലയിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ അവാർഡ് ലഭിച്ച ഡോ എ പി ജെ അബ്ദുൽ കലാം മെമ്മോറിയൽ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ സെക്രട്ടറി തുടങ്ങി നിരവധി അന്താരാഷ്ട്ര, ദേശീയ സന്നദ്ധ സങ്കടനകളിൽ ഷിജിൻ വർഗീസ് സേവനം അനുഷ്ഠിക്കുന്നുണ്ട്.