ഷിക്കാഗോ : ഷിക്കാഗോയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തെലങ്കാനയില്‍ നിന്നുള്ളവരാണിവര്‍.
ഏപ്രില്‍ 21 വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ബന്‍ഡയ്ല്‍ സതേണ്‍ യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടര്‍ സയന്‍സസ് വിദ്യാര്‍ത്ഥികളായ പവന്‍ സ്വര്‍ണ(23), വംഷി കെ പെച്ചെറ്റി(23) എന്നിവെരും ഫിയറ്റ് കാര്‍ ഡ്രൈവര്‍ മിസോറിയില്‍ നിന്നുള്ള മേരി മ്യൂണിയരുമാണ് (32) മരിച്ചത്. ഇവര്‍ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. യശ്വന്ത് (23), കല്യാണ്‍ ഡോര്‍ന്ന (24), കാര്‍ത്തിക് (23) എന്നിവെര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ കാര്‍ത്തിക്കിന്റെ പരിക്ക് ഗുരുതരമാണ്.