തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനും അവരുടെ മത്സ്യബന്ധന അവകാശം സുരക്ഷിതമാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആഗസ്റ്റ് ഒന്ന് മുതല്‍ നടപ്പാക്കുന്ന നിര്‍ദ്ദിഷ്ട കപ്പല്‍പ്പാത കേരള തീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ അകലെ എങ്കിലും നടപ്പാക്കുന്നതായിരിക്കും അഭികാമ്യമെന്ന് ഫിഷറീസ് – ഹാര്‍ബര്‍ എഞ്ചിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി.
നിര്‍ദ്ദിഷ്ട കപ്പല്‍പാത കേരള തീരത്തിനരികില്‍ കൂടി നടപ്പാക്കുന്നത് സംബന്ധിച്ച് വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരിന് രണ്ടാമത്തെ നിവേദനം നല്‍കുന്നതിന് വിളിച്ച് ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ ആശങ്കകള്‍ മത്സ്യത്തൊഴിലാളികളുടെ യോഗം വിളിച്ചു പൊതു അഭിപ്രായമായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. 2018 നവംബര്‍ 22 -ന് തന്നെ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് പ്രത്യേകം തയ്യാറാക്കിയ നിവേദനം ഇന്ത്യയില്‍ ആദ്യം തന്നെ സംസ്ഥാനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയ കേരളത്തിന്റെ അഭിപ്രായങ്ങള്‍ വേണ്ടരീതിയില്‍ പരിഗണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോയതെന്ന് ഇപ്പോഴത്തെ അവരുടെ തീരുമാനം വെളിവാക്കുന്നത്.
രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തെ സമുദ്ര പാത വിഴിഞ്ഞത്തിനും ബേപ്പൂരിനുമിടയില്‍ തീരത്തു നിന്നും 12 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ്. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഏറ്റവും കൂടുതല്‍ മത്സ്യ ഉല്പാദന ശേഷിയുള്ള മേഖലയാണിത്. കടലിലേക്ക് ഒഴുകിയെത്തുന്ന നദികളാല്‍ സമ്ബുഷ്ടമായതിനാലാണ് ഇവിടെ മത്സ്യോല്പാദനം കൂടുതല്‍ ഉണ്ടാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മത്സ്യബന്ധന യാനങ്ങള്‍ ഇവിടെയാണ്. ഏകദേശം 38,000 മത്സ്യബന്ധന യാനങ്ങളാണ് ഇവിടെ ഉള്ളതെന്ന് കണക്കുകള്‍ വെളിവാക്കുന്നു. നിര്‍ദ്ദിഷ്ട കപ്പല്‍പ്പാത ഈ മേഖലയ്ക്ക് വളരെ അടുത്തുകൂടി കടന്നുപോകുന്നതിനാല്‍ കപ്പലുകളും ബോട്ടുകളും ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഇനിയും വര്‍ധിക്കാനാണ് സാധ്യത.
ഇറ്റാലിയന്‍ കപ്പല്‍ മത്സ്യബന്ധ ബോട്ടില്‍ ഇടിച്ച് അപകടമുണ്ടായത് നമ്മളെല്ലാം ഓര്‍ക്കുന്ന കാര്യമാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരമ്ബരാഗത മത്സ്യബന്ധന യാനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നത് അപകടസാധ്യത കൂട്ടുന്നതാണ്. കപ്പല്‍ ചാനല്‍ ആവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അത് 50 നോട്ടിക്കല്‍ മൈലിന് പുറത്ത് കൂടിയാകണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തിലെ ചര്‍ച്ചാ വിഷയങ്ങളും കോര്‍ത്തിണക്കി ഒരു നിവേദനം കൂടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.