മംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറിഡ്രൈവർ അർജുൻ ഉൾപ്പെടെ കാണാതായവർക്കായുള്ള തെരച്ചിൽ കരാർ മൂന്നു ദിവസത്തേക്കാണെന്ന് ഡ്രഡ്ജർ കമ്പനി മാനേജിങ് ഡയറക്ടർ മഹേന്ദ്ര ഡോഗ്രെ അറിയിച്ചു. ഇരുട്ടിൽ പ്രവൃത്തി ചെയ്യില്ല. രാവിലെ എട്ട് മുതൽ വൈകീട്ട് ആറു വരെയാവും തെരച്ചിൽ നടത്തുക. ദൗത്യം 10 ദിവസംവരെ നീളാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ തെരച്ചിൽ തുടങ്ങാനിരിക്കെ മഴ പെയ്തു. ജലനിരപ്പറിയാൻ ഉറപ്പിച്ചുകെട്ടിയ ബലൂൺ വേലിയേറ്റത്തിൽ മുങ്ങി. പൂജ നടത്തി ഡ്രഡ്ജർ അടുപ്പിച്ച് അന്തരീക്ഷം തെളിഞ്ഞപ്പോഴേക്കും സർക്കാർ കാര്യങ്ങൾ മുറപോലെ നീങ്ങി മൂന്നാം ദൗത്യം അവസാനിപ്പിക്കുകയുണ്ടായി.
തുറമുഖ വകുപ്പ് അധികൃതരും നാവികസേനയും വെള്ളിയാഴ്ച രാവിലെ എത്തി മൺതിട്ടകൾ രൂപപ്പെട്ട ഗംഗാവാലി നദിയുടെ നിലവിലെ അവസ്ഥ പരിശോധിച്ചു. തിരച്ചിലിന് അനുകൂലമാണ് നീരൊഴുക്ക്. അർജുൻ ഓടിച്ച ലോറിയാണെന്ന് കരുതുന്ന ലോഹസാന്നിധ്യം കണ്ടിടം അടയാളപ്പെടുത്തി മണ്ണ് നീക്കാൻ കഴിയുംവിധമാണ് ഡ്രഡ്ജർ നിർത്തിയത്. അതേസമയം മണ്ണിളക്കി വെള്ളം കലങ്ങിയാൽ തിരച്ചിൽ ദൗത്യം ലക്ഷ്യം കാണില്ലെന്ന ബുദ്ധിമുട്ടുമുണ്ട്. തെളിഞ്ഞ വെള്ളം തെരച്ചിലിനാണ് അനുകൂലം. അർജുന്റെയുൾപ്പെടെ മൂന്നുപേരുടെ ബന്ധുക്കൾക്ക് നൽകിയ വാക്ക് പാലിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അനുമതി ലഭിച്ചാൽ തെരച്ചിൽ നടത്തുമെന്നും ഷിരൂരിൽ എത്തിയ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ പറഞ്ഞു.