മഹാരാഷ്ട്ര: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ സ്റ്റാൻഡ് അപ് കോമഡിക്കിടെ കളിയാക്കിയെന്ന് ആരോപിച്ച് കൊമേഡിയൻ കുനാൽ കമ്രയുടെ ഷോ അവതരിപ്പിക്കുന്ന വേദി അടിച്ചു തകർത്തു. ‘ദി യൂണികോണ്ടിനെന്‍റൽ മുംബൈ’യുടെ ഓഫീസാണ് ശിവസേന പ്രവർത്തകർ തകർത്തത്. തുടർന്ന് ഖാർ പോലീസ് സ്റ്റേഷനിലെത്തി കമ്രയ്ക്കെതിരെ പരാതി നൽകുകയും ചെയ്തു. മുംബൈയിലെ ഒരു ഹോട്ടലിൽ ഞായറാഴ്ച നടന്ന പരിപാടിയിൽ ഉപമുഖ്യമന്ത്രിയെ “രാജ്യദ്രോഹി” (ഗദ്ദാർ) എന്ന് വിശേഷിപ്പിച്ചതാണ് വൻ വിവാദത്തിന് തിരികൊളുത്തിയത്.
2022-ൽ അന്നത്തെ മുഖ്യമന്ത്രിയും അവിഭക്ത ശിവസേനയുടെ തലവനുമായ ഉദ്ധവ് താക്കറെയ്‌ക്കെതിരെ ഷിൻഡെ നടത്തിയ അട്ടിമറിയുമായി ബന്ധപ്പെട്ടായിരുന്നു കമ്രയുടെ പരാമർശം. പരാമർശങ്ങൾക്കെതിരെ ശിവസേനയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കമ്രയെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് പാർട്ടിയുടെ അനുയായികൾ ഷോ നടന്ന ഓഫീസ് ലക്ഷ്യമാക്കി ആക്രമണം നടത്തിയത്.