കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, ബിനാമി ഇടപാടില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. അവധിദിനമായതിനാല്‍ കോടതി പ്രത്യേക സിറ്റിംഗ് നടത്തിയായിരിക്കും ശിവശങ്കറിന്റെ കേസ് പരിഗണിക്കുക. ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍ഫോഴ്‌സ്‌മെന്റ് നീക്കം.
ഇന്നലെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ശിവശങ്കറിനെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഏഴൂ മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ.ഡി അറിയിച്ചു. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യല്‍. പണമിടപാട് സംബന്ധിച്ച് ശിവശങ്കര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമായി നടത്തിയ ചാറ്റുകള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്തിരുന്നു. ശിവശങ്കറിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്.