കൊച്ചി : സംസ്ഥാന ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശോഭ ദേശീയാധ്യക്ഷന്‍ ജെ. പി നദ്ദയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും പരാതി നല്‍കിയതായി മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി തെരഞ്ഞെടുത്തതിന് പിന്നാലെ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായിരുന്നു. പാര്‍ട്ടി പുനസംഘടന സംബന്ധിച്ചും ആരോപണങ്ങളുയര്‍ന്നിരുന്നു. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷം പാര്‍ട്ടിയില്‍ അവഗണന നേരിടുന്നവരെ ചേര്‍ത്ത് ശോഭ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.
സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിക്ക് തടസ്സമാകും എന്ന് മനസിലാക്കി അദ്ദേഹം തന്നെ തഴയുകയായിരുന്നെന്നും ശോഭ പരാതിയില്‍ ചൂണ്ടിക്കാട്ടി. ശോഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍ കമ്മിറ്റി ഏക വനിതാ അംഗവുമായി തുടരുമ്പോഴാണ് സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. പാര്‍ട്ടിയുടെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയ സമിതിയില്‍ വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി 2004ല്‍ വഹിച്ചിരുന്ന പദവികളിലേക്ക് തരം താഴ്ത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പൊതു സമൂഹത്തില്‍ പറയരുതെന്ന് നിര്‍ദേശിക്കുന്നയാള്‍ തന്നെ തന്റെ ഗ്രൂപ്പിലുള്ളവരെക്കൊണ്ട് നവമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നുവെന്ന് കേന്ദ്ര നേതൃത്വത്തിനുള്ളില്‍ ശോഭാ സുരേന്ദ്രന്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. പ്രതികരിക്കാതെ മാറിനിന്നിട്ടും തന്നെ വേട്ടയാടുകയാണെന്നും അപമാനിച്ച് പുറത്താക്കാനാണ് നീക്കമെന്നും ശോഭ പരാതിയില്‍ പറയുന്നു.