തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് ബിജെപിയെ പ്രതിസന്ധിയിലാക്കി പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും ഘടക കക്ഷികളുടെ കൊഴിഞ്ഞുപോക്കും. എന്‍ഡിഎയിലെ പ്രമുഖ ഘടകകക്ഷിയായ ബിഡിജെഎസ് ബിജെപിയോട് ഇടഞ്ഞ് സഖ്യമുപേക്ഷിക്കാന്‍ നീക്കം നടത്തുന്നതായാണ് വിവരം. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ മുന്നണി ശക്തപ്പെടുത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ശോഭയുമായും ബിഡിജെഎസുമായും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
പുന:സംഘടനയില്‍ തന്നെ തരംതാഴ്ത്തിയെന്നും ആരുടെയും വിഴുപ്പലക്കാന്‍ താത്പര്യമില്ലെന്നും ശോഭാ സുരേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്ന പോരുമായി രംഗത്തെത്തിയ ശോഭാ സുരേന്ദ്രനൊപ്പം ബിഡിജെഎസ് നീക്കങ്ങള്‍ നടത്തിയാല്‍ അത് ബിജെപിക്ക് വെല്ലുവിളിയാകും. അടുത്ത തെരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് ബിഡിജെഎസ് സീറ്റ് വാഗ്ദാനം നടത്തിയെന്നും സൂചനയുണ്ട്.