തിരുവനന്തപുരം: പി എസ് സി സമരത്തില്‍ ഇടപെട്ട് ശോഭാ സുരേന്ദ്രന്‍. നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ശോഭാ സുരേന്ദ്രന്റെ 48 മണിക്കൂര്‍ ഉപവാസം. വിശ്വസ്തരായ ബിജെപി അനുയായികള്‍ക്കൊപ്പം സെക്രട്ടറിയേറ്റ് നടയില്‍ എത്തി ശോഭാ സുരേന്ദ്രന്‍ തന്നെയാണ് തീരുമാനം അറിയിച്ചത്. ശോഭാ സുരേന്ദ്രന്‍ എന്നു പറഞ്ഞാല്‍ ബിജെപിയാണെന്ന മറുപടിയില്‍ എല്ലാ വിവാദങ്ങള്‍ക്കും അവര്‍ വിശദീകരണവും നല്‍കി. ന്യായമായ സമരത്തിനൊപ്പം മണിക്കൂറുകള്‍ താനും ചെലവഴിക്കുമെന്ന് പറഞ്ഞാണ് ശോഭ വീണ്ടും പൊതുരംഗത്ത് സജീവമാകുന്നത്.
ഏറെ നാളായി പ്രതിഷേധ-സമര രംഗത്തേക്കും ശോഭാ സുരേന്ദ്രന്‍ എത്തിയിരുന്നില്ല. ബിജെപി നേതൃത്വം തന്നെ ഒഴിവാക്കുന്നുവെന്ന പരാതി ഉന്നയിച്ചായിരുന്നു മാറി നില്‍ക്കല്‍. എന്നാല്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തൃശൂരില്‍ എത്തിയപ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ ശോഭയും പങ്കെടുത്തു. പാലക്കാടും വര്‍ക്കലയിലും ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതും ശോഭയെയാണ്. ഈ സാഹചര്യത്തിലാണ് പൊതുപ്രവര്‍ത്തനം കൂടുതല്‍ മികവാക്കുന്നത്. 48 മണിക്കൂര്‍ ഉപവാസത്തോടെ പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി യുവാക്കളെ കൈയിലെടുക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ശോഭയുടേത്. അടുപ്പമുള്ള ബിജെപി നേതാക്കളുമായി ചര്‍ച്ച ചെയ്താണ് ശോഭാ സുരേന്ദ്രന്‍ സമരത്തില്‍ പങ്കാളിയാകുന്നത്.
ന്യായമായ സമരത്തിനൊപ്പം അല്‍പ്പം മണിക്കൂറുകള്‍. മാറി നില്‍ക്കാന്‍ സാധിക്കുന്നില്ല. പ്രത്യേകിച്ചൊരു രാഷ്ട്രീയ പാര്‍ട്ടിയോടും വിധേയത്വം ഇല്ലാത്തവരാണ് ഈ സമരത്തിന് പിന്നിലുള്ളത്. പോരാട്ടത്തിന് മനസ്സുള്ള എല്ലാ പാര്‍ട്ടിക്കാരും ഇവരെ പിന്തുണയ്ക്കണമെന്നും ശോഭാ സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ ഡല്‍ഹിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരള ബിജെപിയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ തേടിയാണ് ശോഭാ സുരേന്ദ്രന്‍ മോദിയെ കണ്ടത്. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടായിട്ടില്ലെന്ന് ശോഭ പരാതിപ്പെട്ടു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്ന് മോദി ഉറപ്പു കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ശോഭയുടെ ബിജെപിയിലേക്കുള്ള മടങ്ങി വരവ്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ മോദിയെ ധരിപ്പിച്ചുവെന്നും ശോഭ പറഞ്ഞു.