കോഴിക്കോട്: പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെങ്കില്‍ നിയന്ത്രിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. കോഴിക്കോട്ടെ പരിപാടിയില്‍ തനിക്ക് വിലക്കുണ്ടോയെന്ന് അറിയില്ല. അത്തരം നിലപാട് ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നേതൃത്വം പരിശോധിക്കണം. പാര്‍ട്ടിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. മാനസിക സമ്മര്‍ദംകൊണ്ടാണ് ഇടക്കാലത്ത് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നത്. തന്നേക്കാള്‍ കൂടുതല്‍ കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ മാറിനില്‍ക്കുന്നുണ്ടെങ്കില്‍ അവരെയും പാര്‍ട്ടിയിലേക്ക് കൈപിടിച്ച് കൊണ്ടുവരണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നിട്ടിറങ്ങുമെന്ന് ശോഭ പറഞ്ഞു. ബിജെപിയുടെ കൊടിക്കീഴില്‍ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. ഉന്നയിക്കുന്ന വിഷയങ്ങള്‍ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണെന്നും ശോഭ പറഞ്ഞു. അതേസമയം കോഴിക്കോട്ടെ പരിപാടിയില്‍ നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കുന്ന ശോഭയെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് വി. മുരളീധരപക്ഷമാണ് രംഗത്തെത്തിയത്. മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യാനാണ് ശോഭ സുരേന്ദ്രനെ നിശ്ചയിച്ചിരുന്നത്.