കോട്ടയം: ടാബും മൂന്ന് മൊബൈല്‍ ഫോണുകളും അഞ്ച് സിം കാര്‍ഡുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തെന്ന് ഷോണ്‍ ജോര്‍ജ്. ദിലീപുമായി അടുത്ത ബന്ധമുണ്ട്, സഹോദരന്‍ അനൂപുമായി വലിയ പരിചയമില്ലെന്നും താനായിട്ട് ഒരു വാട്സാപ് ഗ്രൂപ്പും തുടങ്ങിയിട്ടില്ലെന്നും ഷോണ്‍ ജോര്‍ജ് . ദിലീപിനെ അനുകൂലിക്കുന്ന വ്യാജ വാട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഷോൺ ജോർജിനെതിരെ റജിസ്റ്റർ ചെയ്ത കേസിലാണ് പി.സി.ജോർജിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. എന്നാൽ ഈ കേസിൽ പൊലീസ് അന്വേഷിക്കുന്ന ഫോൺ നഷ്ടപ്പെട്ടതായി 2019 ൽ തന്നെ പരാതി നൽകിയിരുന്നതായി പിസി ജോർജ് പറഞ്ഞു.
ഇന്ന് രാവിലെ 7:15നാണ് കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനായി ഈരാറ്റുപേട്ടയിലെ പിസി ജോർജിന്റെ വീട്ടിലെത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കിടെ വീട്ടിലെ ടാബ് കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തെ പി സി ജോർജും ഷോൺ ജോർജും എതിർത്തു. ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് വരുത്തി തീർക്കാൻ വ്യാജവാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് റെയ്ഡ്. ഈ ഗ്രൂപ്പില്‍ നിന്ന് ഷോണ്‍ ജോര്‍ജിന്റെതെന്ന പേരിലുളള സ്ക്രീന്‍ ഷോട്ടുകളും പ്രചരിച്ചിരുന്നു. പ്രമുഖരുടെ പേരിലുള്ള സ്ക്രീന്‍ ഷോട്ടുകള്‍ അയച്ചത് ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍ നിന്നാണെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരൻ അനൂപ് ഷോണിനെ വിളിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച പിസി ജോർജ് ഈ കേസിൽ പോലീസ് അന്വേഷിക്കുന്ന ഫോൺ നഷ്ടപ്പെട്ടതായി പറഞ്ഞു.2019 ൽ തന്നെ ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.