ന്യൂഡല്‍ഹി : ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെയ്‌പ്പെന്ന് റിപ്പോര്‍ട്ട്. കര്‍ഷക സമര വേദിക്ക് സമീപമാണ് വെടിവെയ്പ് നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്ന് തവണ വെടിയുതിര്‍ത്തെന്ന് കര്‍ഷകര്‍. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ആഡംബര കാറിലെത്തിയ അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്. ഇന്നലെ അര്‍ധരാത്രി 11.30 മണിയോടെ ടിഡിഐ മാളിനടുത്തായിരുന്നു സംഭവം നടന്നത്.
ഭക്ഷണം നല്‍കുന്ന സ്ഥലത്ത് നിന്ന് കഴിച്ചതിന് ശേഷം കാറില്‍ മുന്നോട്ട് പോകവേ വളണ്ടിയര്‍മാരുമായി ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് മടങ്ങി വന്ന് വെടിയുതിര്‍ക്കുകയാണ് ഉണ്ടായത്. ചണ്ഡീഗഡ് രജിസ്‌ട്രേഷനുള്ള വാഹനത്തിലാണ് അക്രമി സംഘം എത്തിയത്. വെടിയുണ്ടകള്‍ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചു. പോലീസില്‍ കര്‍ഷകര്‍ പരാതി നല്‍കിയിട്ടുണ്ട്.