തിരുവനന്തപുരം : കേരള ഷൂട്ടിങ് അക്കാദമിയിലെ പരിശീലനം ഇന്നു മുതല്‍ പുനരാരംഭിക്കും. വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റെയ്ഞ്ചിലെ പ്രവര്‍ത്തനം കോവിഡിനെത്തുടര്‍ന്നാണ് നിര്‍ത്തിവച്ചത്. നവീകരിച്ചശേഷമാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുന്‍ ഒളിമ്പ്യന്‍ ആഭ ധില്ലനാണ് പരിശീലന നേതൃത്വം. നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന അക്കാദമിയില്‍ രാവിലെ 7.30 മുതല്‍ 9.30 വരെയും വൈകിട്ട് നാലുമുതല്‍ എട്ടുവരെയുമായി ആറു ബാച്ചിലാണ് പരിശീലനം.
12 വയസ്സിനു മുകളിലുള്ളവര്‍ക്ക് പരിശീലിക്കാം. മാസം 5000 രൂപ. തുടക്കക്കാര്‍ക്ക് ആവശ്യമായ തോക്കുകളും പെല്ലറ്റുകളും അക്കാദമിയില്‍ ലഭിക്കും. ഒളിമ്പിക്സ് നിലവാരത്തിലുള്ളതാണ് ഷൂട്ടിങ് റെയ്ഞ്ച്. വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റെയ്ഞ്ചില്‍ നേരിട്ടെത്തിയോ 8610760497 എന്ന നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. കേരള ഷൂട്ടിങ് അക്കാദമിയിലേതിനു പുറമെ പകല്‍ പത്തുമുതല്‍ വൈകിട്ട് നാലുവരെ ഷൂട്ടിങ് റെയ്ഞ്ചില്‍ പരിശീലനത്തിന് സൗകര്യവുമുണ്ട്.