കോഴിക്കോട്: കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളി റോഡിലെ ഫുഡ് സ്ട്രീറ്റിന്റെ പ്രവർത്തിസമയം രാത്രി 11 മണി വരെയാക്കി കുറച്ചു. ഒരു മാസത്തേക്ക് ആണ് നിയന്ത്രണം. സർവകക്ഷിയോഗത്തിലാണ് തീരുമാനം. രാത്രി 10.30ന് വ്യാപാരം അവസാനിപ്പിക്കാനും 11 മണിക്ക് കടകൾ അടയ്ക്കാനും തീരുമാനം. റോഡരികിലെ പാർക്കിങ് പൂർണമായും നിരോധിച്ചു. സിസിടിവികൾ സ്ഥാപിക്കുകയും സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ചെയ്യും. ഒരു മാസത്തിനുശേഷം സബ് കമ്മിറ്റി കൂടി വിഷയം പരിശോധിക്കും.
കോവൂർ- ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചതോടെയാണ് പോലീസ് സർവകക്ഷി യോഗം വിളിച്ചത്. മെഡിക്കൽ കോളജ് എസിപിയുടെ നേതൃത്വത്തിലായിരുന്നു യോഗം. തർക്കം തുടങ്ങി അഞ്ചാം ദിവസമാണ് പോലീസ് സർവകക്ഷിയോഗം വിളിക്കുന്നത്.