കായംകുളം : കെഎസ്ആർടിസി കായംകുളം ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവുകാരണം ദിവസവും ഏഴും എട്ടും ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നു. ഡിപ്പോയിൽ 19 ഡ്രൈവർമാരുടെ കുറവാണുള്ളത്. ഡിപ്പോയിൽ 102 ഡ്രൈവർമാർ വേണ്ടിടത്ത് 83 പേർ മാത്രമാണുള്ളത്. കണ്ടക്ടർമാർ 104 പേരുണ്ട്. കായംകുളം ഡിപ്പോയിൽനിന്ന് 47 ഷെഡ്യൂളുകളാണ് ദിവസവുമുള്ളത്. എന്നാൽ ഡ്രൈവർമാർ ഇല്ലാത്തത് കാരണം 38, 39 ഷെഡ്യൂളുകളാണ് അയക്കുന്നത്. ഡിപ്പോയിൽ ആകെ 51 ബസുണ്ട്. ഡ്രൈവർമാർ ഇല്ലാത്തതുകാരണം ബസുകൾ വെറുതേ ഇടേണ്ട അവസ്ഥയാണ്. ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നത് യാത്രക്കാരെയും വലയ്ക്കുന്നുണ്ട്.
കായംകുളത്തുനിന്ന് ദേശീയപാതയിലൂടെ ചവറ-ഹരിപ്പാട് റൂട്ടിലോടുന്ന ഓർഡിനറി ഷെഡ്യൂൾ ജീവനക്കാരില്ലാത്തതിനാൽ ഒരുമാസമായി അയക്കുന്നില്ല. ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറയ്ക്കുന്നത്.
ദേശീയപാതയിലൂടെയും ഗ്രാമീണ റോഡുകളിലൂടെയും ഓടുന്ന ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നുണ്ട്. ചെയിൻ സർവീസ് ആയതിനാൽ കെപി റോഡിലൂടെയുള്ള ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നില്ല. കായംകുളത്തുനിന്ന് താമരക്കുളത്തേക്കുള്ള ഷെഡ്യൂളും പലപ്പോഴും അയക്കാനാകുന്നില്ല. ജീവനക്കാരില്ലാത്തതിനാൽ മുതുകുളംവഴി ഹരിപ്പാടിനുള്ള സർവീസും പുതുപ്പള്ളി, കനകക്കുന്ന് സർവീസുകളും പുനരാരംഭിക്കാനായിട്ടില്ല.