കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയരുന്നു. കാക്കയങ്ങാട് സ്വദേശിയായ നാലാം പ്രതിയുടെ സഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ജോലി നല്‍കിയത്. കെപിസിസി ഭാരവാഹിയായ മമ്പറം ദിവാകരന്‍ പ്രസിഡന്റായ സ്ഥാപനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ സഹോദരിക്ക് ജോലി നല്‍കിയത്. കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റിന്റെ ശുപാര്‍ശയിലാണ് ജോലി നല്‍കിയത് എന്നാണ് വിവരം.
ഷുഹൈബിന്റെ കൊലയാളികളെ സഹായിക്കുന്ന നിലപാട് പാടില്ലെന്നും ഷുഹൈബിന്റെ ആത്മാവ് പോലും പൊറുക്കാത്ത കാര്യമാണിതെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു . സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും കണ്ണൂര്‍ ഡിസിസി നേതൃത്വം പ്രതികരിച്ചു. സംഭവത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറഞ്ഞുവെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറയുന്നു.