ചെങ്ങന്നൂര്‍ : മാസ്‌ക് ധരിക്കാതെ യാത്ര ചെയ്ത സ്ത്രീകളോടു പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ട്രാഫിക് എസ്‌ഐയെ സ്ഥലം മാറ്റിയെന്ന് ആരോപണം. വി.ജി.ഗിരീഷ് കുമാറിനെയാണ് അമ്പലപ്പുഴ സ്റ്റേഷനിലേക്കു മാറ്റിയത്. പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി ആരെയോ ഫോണില്‍ വിളിച്ചു. ഫോണില്‍ മന്ത്രി സജി ചെറിയാനാണെന്നു പറഞ്ഞ് സംസാരിക്കാന്‍ ആവശ്യപ്പെട്ടെന്നും അതു നിരസിച്ചതിനാണു നടപടിയെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി.
അതേസമയം സംഭവത്തെപ്പറ്റി അറിയില്ലെന്നും ആരെയും വിളിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 22നു ചെങ്ങന്നൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമാണ് സംഭവം നടന്നത്. ട്രാഫിക് പോലീസ് പരിശോധന നടത്തുമ്പോള്‍ മാസ്‌ക് ധരിക്കാതെ എത്തിയ രണ്ട് സ്ത്രീകളോടു പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്ന് എസ്‌ഐ പറയുന്നു.
സ്ത്രീകളില്‍ ഒരാള്‍ മൊബൈലില്‍ ആരെയോ വിളിച്ച ശേഷം ഫോണ്‍ നീട്ടി, ‘സജിച്ചായനാണ് സംസാരിക്ക്’ എന്നു പറഞ്ഞു. കോവിഡ് കാലമായതിനാല്‍ മറ്റൊരാളുടെ ഫോണ്‍ ഉപയോഗിക്കില്ലെന്ന് അവരെ അറിയിച്ചിരുന്നെന്നും എസ്‌ഐ പറയുന്നു. ഒന്നരവര്‍ഷമായി ചെങ്ങന്നൂരില്‍ ട്രാഫിക് എസ്‌ഐയാണ് ഗിരീഷ് കുമാര്‍. 3 വര്‍ഷമെങ്കിലും കഴിയാതെ സാധാരണ സ്ഥലംമാറ്റം ഉണ്ടാകാറില്ല.