കൊച്ചി: വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 17 വിദ്യാർഥികളെ ഡീബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. സർവകലാശാല നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അതിനാൽ ഡീബാർ ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എഎ സിയാദ് റഹ്മാന്റെ ഉത്തരവ്. പുതിയ അന്വേഷണം നടത്താൻ സർവകലാശാല ആന്റി റാഗിങ് സ്ക്വാഡിനു ഹൈക്കോടതി നിർദ്ദേശം നൽകി. വിദ്യാർഥികൾക്കു മറ്റേതെങ്കിലും കോളജിൽ പ്രവേശനം നേടുന്നതിനുള്ള 3 വർഷത്തെ വിലക്കും കോടതി നീക്കി. വിദ്യാർഥികൾക്കു മണ്ണുത്തിൽ പഠനം തുടരാൻ അവസരം നൽകണമെന്നും എന്നാൽ ഇതു പുതിയ അന്വേഷണ ഫലത്തിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശം.
കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാർ എഴുതിയ പരീക്ഷയുടെ ഫലം അന്വേഷണ ഫലം പുറത്തു വരുന്നതുവരെ പ്രസിദ്ധീകരിക്കരുത്. ഹർജിക്കാരിൽ ആരെങ്കിലും കുറ്റക്കാരെന്നു കണ്ടെത്തിയാൽ ആ പരീക്ഷ റദ്ദാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി. യുജിസി ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് തങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിദ്യാർഥികൾ ഹർജിയിൽ പറഞ്ഞു. തുടർന്നാണ് പുതിയ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. വിദ്യാർഥികളിൽ ഓരോരുത്തർക്കുമെതിരെയുള്ള കുറ്റങ്ങൾ വ്യക്തമാക്കി വേണം നോട്ടീസ് നൽകാൻ. കേസിൽ പ്രതികളായിരുന്ന 19 വിദ്യാർഥികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.