കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി തിരൂർ ഏഴൂർ സ്വദേശി മേച്ചേരി വീട്ടിൽ സിദ്ദീഖിനെ (58) കൊലപ്പെടുത്തിയ എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ‘ഡി കാസ ഇന്‍’ തുറന്നത് കോര്‍പറേഷന്‍ അറിഞ്ഞില്ലെന്ന് കോഴിക്കോട് മേയര്‍. നേരത്തെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന്റെ പേരിൽ കോർപറേഷൻ പൂട്ടിച്ച ഹോട്ടൽ മാസങ്ങൾക്കുമുമ്പാണ് അനധികൃതമായി തുറന്നത്. മലിന ജലം ഒഴുക്കിയതുമായി ബന്ധപ്പെട്ട് ഹോട്ടലിനെതിരെ പരാതിയുണ്ടായിരുന്നു.
തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അഗ്നിശമന സേനയുടെയോ അനുമതിയില്ലെന്ന് കണ്ടെത്തിയാണ് കോർപറേഷൻ ഹോട്ടൽ പൂട്ടിച്ചത്. മാസങ്ങൾക്ക് മുമ്പാണ് പുതിയ നടത്തിപ്പുകാരെത്തി വീണ്ടും ഹോട്ടൽ തുറന്നത്. സിദ്ദീഖിന്റെ കൊലപാതകത്തിന്റ പശ്ചാത്തലത്തിൽ ഹോട്ടലുടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. മതിയായ രേഖകളില്ലാത്തതിനാൽ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഇവർക്കു വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്.
അതിനിടെ കേസിലെ മുഖ്യ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി. കൊല്ലപ്പെട്ട സിദ്ദീഖിന്റെ ഫോൺ തെളിവെടുപ്പിനിടെ കണ്ടെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ സി.ഐ എം.ജെ. ജിജോയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.കെ. ലെനിൻ ദാസ് അഞ്ച് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ നൽകിയത്.