കൊച്ചി: കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവും മാധ്യമ പ്രവര്‍ത്തകനുമായ സിദ്ദിഖ് കാപ്പനെ ഹത്രാസിലേക്ക് അയച്ചത് ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നൂറ് കോടിയോളം രൂപ എത്തിയെന്നും ഇഡി പറഞ്ഞു. റൗഫിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭ്യമായതെന്നും ഇഡി കോടതിയെ അറിയിച്ചു.
2019 ഡിസംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ അക്കൗണ്ടിലേക്കെത്തിയ പണത്തില്‍ നിന്ന് സിഎഎ വിരുദ്ധ സമരത്തിന് പണം ചെലവഴിച്ചു. ആരൊക്കെയാണ് ഈ പണം നിക്ഷേപിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഇഡി വ്യക്തമാക്കി.
ഹത്രാസില്‍ കലാപത്തിന് ശ്രമം നടന്നു. ഇതിന്റെ വിശദാംശങ്ങളും അന്വേഷിക്കണമെന്ന് ഇഡി പറഞ്ഞു. അതേസമയം ഹാത്രാസില്‍ കലാപത്തിന് ആഹ്വാനം നല്‍കിയതുമായി ബന്ധപ്പെട്ട് റൗഫിനെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് നടപടിക്കൊരുങ്ങുന്നതായും വിവരമുണ്ട്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ വിദേശ വിനിമയ ചട്ടം ലംഘിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായ സംഭവത്തില്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയവരുടെ കൂട്ടത്തില്‍ റൗഫുമുണ്ടായിരുന്നു.