അമൃത്സര്‍ : പഞ്ചാബ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുപ്രസിദ്ധ ഗുണ്ടകള്‍ പോലീസ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. കുപ്രസിദ്ധ ഗുണ്ട ജഗ്രൂപ് സിങ് രൂപയും മന്‍പ്രീത് സിങ്ങും (മന്നു കുസ്സ) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടലിനിടെ 3 പോലീസുകാര്‍ക്ക് പരുക്കേറ്റു. ഒരു വാര്‍ത്താ ചാനലിന്റെ ക്യാമറാമാന് വലതു കാലില്‍ വെടിയേറ്റു. അമൃത്സറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഭക്ന ഗ്രാമത്തില്‍ ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഏറ്റുമുട്ടലുണ്ടായത്.
പഞ്ചാബ് പോലീസിന്റെ ഗുണ്ടാവിരുദ്ധ ടാസ്‌ക് ഫോഴ്സ് ഇരുവരെയും പിടികൂടിയിരുന്നു. ജഗ്രുപ് സിങ് രൂപയാണ് ആദ്യം കൊല്ലപ്പെട്ടത്. മറ്റൊരു പ്രതി ദീപക് മുണ്ടിക്കായി തിരച്ചില്‍ തുടരുന്നു. എകെ 47 തോക്ക് ഉപയോഗിച്ച് സിദ്ദുവിനുനേരെ ആദ്യം വെടിയുതിര്‍ത്തത് മന്നു കുസ്സയാണെന്നാണ് നിഗമനം. സിദ്ദുവിനു നേരെ വെടിയുതിര്‍ത്ത ഈ മൂന്നുപേരും ഒളിവിലായിരുന്നു. സിദ്ദു മൂസവാല (ശുഭ്ദീപ് സിങ് സിദ്ദു-28) മെയ് 29ന് പഞ്ചാബിലെ മാന്‍സ ജില്ലയിലെ മൂസ ഗ്രാമത്തിന് സമീപമാണ് വെടിയേറ്റ് മരിച്ചത്.
കാനഡ ആസ്ഥാനമായുള്ള ഗുണ്ടാതലവന്‍ ഗോള്‍ഡി ബ്രാര്‍ (സതീന്ദര്‍ജിത് സിങ്) ഫേസ്‌ബുക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ലോറന്‍സ് ബിഷ്ണോയി വഴിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ വര്‍ഷം അകാലി നേതാവ് വിക്കി മിദ്ദുഃഖേരയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് സിദ്ദുവിന്റെ കൊലപാതകമെന്നും വ്യക്തമാക്കി.